തിരുവനന്തപുരം ∙ കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലൻസിന്റെ സ്ഥിതിവിവര റിപ്പോർട്ട് കൈമാറാത്തതു ചൂണ്ടിക്കാട്ടി അഗ്നിരക്ഷാസേനാ മേധാവി യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയത് അദ്ദേഹത്തിനു നൽകിയ കത്തിനു മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ.
റിപ്പോർട്ട് കേന്ദ്രത്തിന് എത്രയും വേഗം അയയ്ക്കണമെന്നും വിശദീകരണം ആവശ്യമുണ്ടെങ്കിൽ നേരിൽക്കണ്ട് അതു നൽകാൻ തയാറാണെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് വഴി യോഗേഷ് ഗുപ്ത ഏതാനും മാസം മുൻപ് കത്തു നൽകിയത്.
പിന്നാലെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കണ്ടെങ്കിലും മുഖ്യമന്ത്രിയുടെ മുന്നിലുള്ള ഫയലിൽ ഇടപെടാനാവില്ലെന്ന് അവർ കൈമലർത്തി. തുടർന്നാണ് യോഗേഷ് പോർട്ടലിൽ പരാതി നൽകിയത്. ഉള്ളടക്കം ഇങ്ങനെ: ‘വിജിലൻസിന്റെ സ്ഥിതിവിവര റിപ്പോർട്ട് തേടി കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചിട്ട് ഒന്നര മാസത്തോളമായി. സർവീസിലുടനീളം ക്ലീൻ റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് ഞാൻ.
കേരളത്തിൽ സേവനമനുഷ്ഠിച്ചിടത്തെല്ലാം മികവോടെ പ്രവർത്തിച്ചിട്ടുണ്ട്. തൽസ്ഥിതി റിപ്പോർട്ട് എത്രയും വേഗം കേന്ദ്രത്തിനു കൈമാറണമെന്ന് അഭ്യർഥിക്കുന്നു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കിൽ നേരിൽക്കണ്ട് അതു നൽകാനും തയാറാണ്.’
യോഗേഷ് വിജിലൻസ് മേധാവിയായിരിക്കെ സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാതിരുന്നതിലുണ്ടായ അനിഷ്ടം തുടരുന്നതായാണു സൂചന. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരായ പുനർജനി കേസിൽ കഴമ്പില്ലെന്നുകണ്ട് അന്വേഷണം അവസാനിപ്പിക്കാൻ യോഗേഷ് ശുപാർശ ചെയ്തിരുന്നു.
കേസെടുത്തേ പറ്റൂവെന്ന് മുകളിൽനിന്നു നിർദേശം ലഭിച്ചെങ്കിലും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. ഒന്നുമില്ലെങ്കിലും കേസ് ഫയൽ അടയ്ക്കരുതെന്നായിരുന്നു മറുപടി. വിജിലൻസിലായിരിക്കെ തെളിവില്ലാത്ത എണ്ണൂറോളം കേസുകളാണു യോഗേഷ് അവസാനിപ്പിച്ചത്.
സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് യോഗേഷ്. ഐഎഎസ് അസോസിയേഷൻ പ്രസിഡന്റായ ബി.അശോകിനെ തദ്ദേശ കമ്മിഷനിൽ തളച്ചിടാൻ നീക്കം നടത്തിയശേഷം സർക്കാർ തന്നെ മറ്റൊരു സിവിൽ സർവീസ് സംഘടനയുടെ പ്രസിഡന്റിനെയും ഉന്നമിട്ടിരിക്കുന്നു.
യോഗേഷിന്റെ വിജിലൻസ് സ്ഥിതിവിവര റിപ്പോർട്ട് നൽകാൻ സർക്കാർ തയാറാകാത്തത്, മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരുടെ സർവീസിനെയും പ്രതികൂലമായി ബാധിക്കുന്നു. ഡിജിപി സ്ഥാനത്തേക്ക് എംപാനൽ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ യോഗേഷിന്റെ സ്ഥിതിവിവര റിപ്പോർട്ട് കൂടി ആഭ്യന്തര മന്ത്രാലയത്തിനു ലഭിക്കണം. റിപ്പോർട്ട് കൈമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ മാസം ആറിനും 21നും ആഭ്യന്തര വകുപ്പിനോട് അഭ്യർഥിച്ചിരുന്നു.
