വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണ പദ്ധതി സംബന്ധിച്ച് പുരോഗതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരാർ കമ്പനിയെ പൊതു മരാമത്ത് വകുപ്പ് ഒഴിവാക്കിയതിനു പിന്നാലെ ആശങ്ക ശക്തമാകുന്നു. റോഡ് പുനർ നിർമാണ പദ്ധതി എന്ന് പുനരാരംഭിക്കുമെന്നോ എന്നു തീരുമെന്നോ വ്യക്തമല്ല. രണ്ട് മാസം എങ്കിലും കഴിഞ്ഞാലേ പദ്ധതി പുനരാരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂ എന്നാണ് പൊതു മരാമത്ത് വകുപ്പ് നൽകുന്ന സൂചന.നിർമാണത്തിന്റെ പേരിൽ മുക്കാൽ മീറ്ററോളം റോഡിന്റെ ഉയരം കൂട്ടിയിരുന്നു. ഇക്കാരണത്താൽ പല ചെറു റോഡുകളിലും നിന്നും വീടുകളിലും നിന്ന് റോഡിലേക്ക് ഇറങ്ങുക ദുഷ്കരമായി. പണി നിലച്ചതോടെ പലയിടത്തും ഇത് പരിഹരിക്കപ്പെട്ടിട്ടില്ല. തൊളിക്കോട് ജംക്ഷനിൽ വെള്ളക്കെട്ട് പതിവായതും റോഡ് നിർമാണം തുടങ്ങിയ ശേഷമാണ്. ഈ പ്രശ്നവും പരിഹരിച്ചില്ല.
ഹൈവേയിലെ തൊളിക്കോട് ഇരപ്പിൽ, മന്നൂർക്കോണം, മുള്ളുവേങ്ങാമൂട് ജംക്ഷനുകളിൽ നൂറ് മീറ്ററോളം മെറ്റൽ ഇളകിയ നിലയിലാണ്. ഇരപ്പിൽ ജംക്ഷനിൽ കലുങ്ക് നിർമാണം പൂർത്തിയായിട്ടില്ല. കളീക്കൽ പാലവും കല്ലാർ നെല്ലിക്കുന്ന് പാലവും പൊളിച്ചു പണിഞ്ഞിട്ടില്ല. ഹൈവേയിൽ പലയിടത്തും വെള്ളക്കെട്ട് പതിവാണ്. മഴ പതിവായതോടെ സ്ഥിതി കൂടുതൽ വഷളായി.50 കോടി രൂപ മാത്രമാണ് കമ്പനി പുനർ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവാക്കിയത്.ഈ തുക ഉപയോഗിച്ചുള്ള നിർമാണം ഇഴഞ്ഞു നീങ്ങി. പദ്ധതിയുടെ നിർമാണോദ്ഘാടനം 2022 ജനുവരിയിലാണ് നടത്തിയത്. 2013 ഡിസംബറിൽ പണി പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി അവകാശപ്പെട്ടിരുന്നത്.
ദുരിത തീവ്രത കുറയ്ക്കാൻ 2 എസ്റ്റിമേറ്റുകൾ; ഭരണാനുമതിയായി
വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേയുമായി ബന്ധപ്പെട്ട് പൊതുവഴി തടസ്സപ്പെടുകയും റോഡിലേക്കുള്ള യാത്ര ദുരിത പൂർണമാകുകയും ചെയ്ത് ബുദ്ധിമുട്ടിയവർക്ക് നേരിയ ആശ്വസം. ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയുള്ള എസ്റ്റിമേറ്റ് തയാറായതായും ഭരണാനുമതി ലഭിച്ചതായും കെഎസ്ടിപി(കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.ഹൈവേയിലെ കുഴികൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച മറ്റൊരു എസ്റ്റിമേറ്റിനും ഭരണാനുമതിയായി. ഇതിന്റെ ടെൻഡർ നടപടികളും പുരോഗമിക്കുന്നു.
