നെയ്യാറ്റിൻകര ∙ മഴയെ അവഗണിച്ചു വാട്ടർ അതോറിറ്റി നടത്തുന്ന പൈപ്പിടലിൽ പെരുമ്പഴുതൂർ – കളത്തുവിള റോഡ് ചെളിക്കുളമായി. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണു. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയ സ്ഥലത്ത് ഇന്നലെ പുലർച്ചെ സിമന്റ് ലോറി പുതഞ്ഞു. മഴ അവസാനിക്കും വരെ പൈപ്പിടൽ നിർത്തണമെന്നും റോഡിലെ ചെളിക്കെട്ടിനു അടിയന്തിര പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പെരുമ്പഴുതൂർ – കളത്തുവിള റോഡിൽ ഒരാഴ്ചയിലേറെയായി പൈപ്പ് സ്ഥാപിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. കാൽനട യാത്രക്കാർ വരെ ദുരിതത്തിലാണ്. പെരുമ്പഴുതൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഏറെ വലഞ്ഞു. പൈപ്പ് സ്ഥാപിക്കാൻ വേണ്ടി എടുക്കുന്ന കുഴികൾ ശാസ്ത്രീയമായി മൂടുന്നില്ലെന്നു പരാതിയുണ്ട്. കുഴിച്ച ശേഷം മണ്ണ് മൂടിയിടുകയാണ്. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് അതിന്റെ പുറത്ത് കോൺക്രീറ്റ് ചെയ്യുന്നത്. അതേസമയം കരാറുകാർ കോൺക്രീറ്റ് പുരട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് ജനം കുറ്റപ്പെടുത്തി.പൈപ്പ് സ്ഥാപിച്ച ശേഷം കോൺക്രീറ്റ് ചെയ്ത സ്ഥലങ്ങളിൽ ഭൂരിഭാഗവും ആഴ്ചകൾക്കുള്ളിൽ തന്നെ ഇടിഞ്ഞു താഴും. ശാസ്ത്രീയമായി ജോലി ചെയ്യുന്നില്ല എന്നതാണ് കാരണം. കരാറുകാരൻ എന്തു ചെയ്താലും പഞ്ചായത്തോ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ കണ്ട ഭാവം പോലും നടിക്കില്ലെന്നും ജനം പറയുന്നു.
