“
ആറ്റിങ്ങൽ.പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ജൂലൈ 11,12,13 തീയതികളിൽ വർക്കല ശിവഗിരി മുതൽ പാറശാല വരെ സാംസ്കാരിക യാത്ര സംഘടിപ്പിക്കുന്നു. എല്ലാവരും സഹോദരർ എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന സാംസ്കാരിക യാത്രയുടെ ഉദ്ഘാടനം 2025 ജൂലൈ 11 വൈകുന്നേരം 4 മണിക്ക് ശിവഗിരിയിൽ വച്ച് കേരളത്തിന്റെ ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു . ജില്ലയിലെ നവോത്ഥാന നായകരുടെ
സ്മൃതി പഥങ്ങളിലൂടെ,
പോരാട്ടങ്ങളുടെ രണഭൂമികയിലൂടെ,
കലാ – സാഹിത്യ പ്രവർത്തകരുടെ
സ്മരണകളിലൂടെ,
സഞ്ചരിക്കുന്ന യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സാംസ്കാരിക ഉത്സവങ്ങളിൽ വച്ച് ജാഥയ്ക്ക് സ്വീകരണം നൽകുന്നു.
2025 ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യത്തെ സായുധപോരാട്ടമായ ആറ്റിങ്ങൽ കലാപത്തിന്റെ രണഭൂമികയായ ആറ്റിങ്ങൽ, കൊല്ലമ്പുഴ പാർക്കിൽ പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവത്തിൽ വച്ച് യാത്രയ്ക്ക് സ്വീകരണം നൽകുന്നു .
ആറ്റിങ്ങലിന്റെ പ്രൗഢപാരമ്പര്യം ഉയർത്തിപ്പിടിക്കും വിധം ക്രമീകരിക്കപ്പെട്ട സാംസ്കാരിക ഉത്സവത്തിൽ വച്ച് ആറ്റിങ്ങൽ മേഖലയിൽ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 51പേരെ ആദരിക്കുന്നു. പുതിയ പാഠ്യ പദ്ധതിയുടെ ഭാഗമായ സൂമ്പ ഡാൻസ് , മജീഷ്യൻ റാഫി മുദാക്കൽ അവതരിപ്പിക്കുന്ന മാജിക് ഷോ, നാടൻപാട്ട് , ആറ്റിങ്ങലിലെ പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രപ്രദർശനം എന്നിവയും സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സംഘാടക സമിതി ചെയർമാൻ എം പ്രദീപിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വെച്ച് ആറ്റിങ്ങൽ എംഎൽഎ ,ഒ.എസ്. അംബിക സാംസ്കാരിക പ്രവർത്തകർക്ക് ആദരവ് നൽകും . സാംസ്കാരിക ഉത്സവത്തിന്റെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫസർ സുജാ സൂസൻ ജോർജ് നിർവഹിക്കും.
ഭരണഘടനയുടെ ആമുഖം വായിച്ചാണ് സാംസ്കാരിക യാത്രയുടെ ഉദ്ഘാടനം നിർവഹിക്കപ്പെടുന്നത്.
യോഗത്തിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു , ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ് കുമാരി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ എന്നിവർ പങ്കെടുക്കും . പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു ജാഥ മാനേജരും ജില്ലാ സെക്രട്ടറി വിഎസ് രാഹുൽ ജാഥ ക്യാപ്റ്റനും ആയുള്ള ജാഥയ്ക്ക് കലാസാംസ്കാരിക ഉൽപ്പന്നങ്ങൾ ആണ് സ്വീകരണ ഉപഹാരം ആയി നൽകുന്നത്. കൊല്ലമ്പുഴ കൊട്ടാരനടയിൽ നിന്നും ജാഥയെ ബഹുജന പങ്കാളിത്തത്തോടെ സ്വീകരിച്ച് സമ്മേളന സ്ഥലത്തേക്ക് ആനയിക്കുന്നു.
