വർക്കല∙ നഗരസഭാ പരിധിയിലെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ടു സ്കൂളുകളിൽ രാത്രി സമയത്ത് സാമൂഹികവിരുദ്ധർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതായി പരാതി. കുരയ്ക്കണ്ണി ഗവ.എൽപിജി സ്കൂളിലും തൊട്ടടുത്തെ എയ്ഡഡ് സ്കൂളായ എച്ച് വിയുപിഎസിലുമാണ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധർ അതിക്രമിച്ചു കയറിയത്. സ്കൂൾ തുറക്കാനെത്തിയ അധ്യാപകരാണ് സംഭവം ആദ്യം അറിയുന്നത്. പൂട്ടുകൾ പൊളിച്ചു ക്ലാസ് മുറികളിലെ ഫർണിച്ചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ നശിപ്പിച്ച നിലയിലാണ്.
ലാബിനകത്തെ രാസലായനികളും മറ്റും വലിച്ചെറിഞ്ഞിട്ടുണ്ട്. പുറത്ത് കുട്ടികൾക്കു കൈകഴുകാനുള്ള ടാപ്പുകളും കൂടാതെ ടോയ് ലറ്റ് ബ്ലോക്കിലെ പൈപ്പുകളും പാടെ തകർത്തു. രണ്ടു സ്കൂളുകളിലെയും വളപ്പിൽ നിർത്തിയിട്ടിരുന്നു മൂന്നു സ്കൂൾ ബസുകളിലും കയറി, വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിൻഗ്വിഷർ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു നശിപ്പിച്ചിട്ടുണ്ട്. ബോർഡുകളിലും ചുവരുകളിലും അശ്ലീല ചിത്രങ്ങളും വാക്കുകളും എഴുതി അലങ്കോലമാക്കി. രണ്ടു സ്കൂളിലും സമാനമായ രീതിയിലാണ് അതിക്രമം കാട്ടിയത്. സ്കൂൾ അധ്യാപകർ വർക്കല പൊലീസിൽ പരാതി നൽകി.
ഗവ.എൽപി സ്കൂളിൽ 2023 നവംബറിലും സമാനമായ രീതിയിൽ രാത്രി സമയത്ത് അക്രമികൾ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെന്ന ആരോപണം നിലനിൽക്കവേയാണ് സാമൂഹികവിരുദ്ധർ വീണ്ടും നാശനഷ്ടം വരുത്തിയത്. സ്കൂൾ പരിസരത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും നാളുകളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. സ്കൂളുകളിൽ അക്രമപ്രവർത്തനം നടത്തുന്ന സംഘത്തെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണമെന്നു കെഎസ് ടിഎ വർക്കല ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
