Courthouse. Cartoon vector illustration. Juistice concept. Law judicial legal proceedings in courthouse
തിരുവനന്തപുരം : വസ്തു എഴുതിനൽകാത്തതിന്റെ പേരിൽ അമ്മായിയമ്മയെ അടിച്ചുകൊന്ന മരുമകനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. കിളിമാനൂർ പഴയകുന്നുമ്മേൽ അടയമൺ വയറ്റിൻകര കുന്നിൽ വീട്ടിൽ രാജമ്മ കൊല്ലപ്പെട്ട കേസിലാണ് മരുമകനായ പ്രസാദിനെ ശിക്ഷിച്ചത്.
രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജി. രാജേഷിന്റേതാണ് ഉത്തരവ്.
രാജമ്മയുടെ മകൾ ഷീജ(സലീന)യുടെ ഭർത്താവാണ് പ്രസാദ്. ഷീജ വർഷങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തു. ആലുംമൂട്ടിൽ ഷീജ വാങ്ങിയ വസ്തുവിൽ കെട്ടിടനിർമാണത്തിനായി പ്രസാദ് അടിത്തറ കെട്ടിയിരുന്നു. വസ്തു തന്റെ പേരിലാക്കിയാൽ വായ്പയെടുത്ത് കെട്ടിടനിർമാണം പൂർത്തിയാക്കാമെന്ന് പ്രസാദ് രാജമ്മയെ അറിയിച്ചു. എന്നാൽ, ഇയാൾ നേരത്തേ ഈ വസ്തു പണയപ്പെടുത്തിയതിന്റെ ബാധ്യത തീർക്കാതെ വസ്തു എഴുതി നൽകില്ലെന്ന് രാജമ്മ പറഞ്ഞു. ഇതിന് അവരെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2014 ഡിസംബർ 26-ന് രാത്രി ഒൻപതുമണിയോടെയായിരുന്നു അക്രമം. ടിവി കണ്ടുകൊണ്ടിരുന്ന രാജമ്മയെ പിന്നിലൂടെയെത്തി കമ്പുകൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ്കുമാർ ഹാജരായി.
