കടയ്ക്കാവൂർ : കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാതെയും കാര്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താതെയും കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിരമായി അവഗണനയുടെ ട്രാക്കിൽ. കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾക്ക് ഇപ്പോഴും സ്റ്റോപ്പ് പുനഃസ്ഥാപിച്ചിട്ടില്ല. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ വിജനമായ സ്റ്റേഷൻ തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറി. അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, മണനാക്ക് മേഖലകളിലുള്ളവർക്ക് ദീർഘദൂര യാത്രകൾക്ക് ഏറെ അനുഗ്രഹമായിരുന്നു കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ.
പരിമിതമായ യാത്രാസൗകര്യങ്ങളിൽ ബുദ്ധിമുട്ടുന്ന തീരദേശഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഗുണപ്രദമാകുന്നതാണ് സ്റ്റേഷന്റെ വികസനം. സ്റ്റേഷൻ നവീകരിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ വക്കം, അഞ്ചുതെങ്ങ് മേഖലയിലെ ടൂറിസം വികസനത്തിനും ഏറെ ഗുണപ്രദമാകും. സമീപ സ്റ്റേഷനുകളിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തുമ്പോഴും നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കുന്ന കാര്യത്തിൽപ്പോലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
നിലവിൽ ദീർഘദൂര യാത്രകൾക്കായി വർക്കല, ചിറയിൻകീഴ് സ്റ്റേഷനുകളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. രാത്രി എട്ടുമണി കഴിഞ്ഞാൽ പ്രദേശത്ത് ബസുകൾ സവാരി അവസാനിപ്പിക്കും.
രാത്രി വൈകി ദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവർ മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി ടാക്സിയെ ആശ്രയിച്ചുവേണം വീടുകളിലെത്താൻ.
കോവിഡ് കാലത്ത് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയിരുന്നു. അതിൽ ഗുരുവായൂർ എക്സ്പ്രസിന് രാവിലെയുള്ള സ്റ്റോപ്പ് മാത്രമാണ് അനുവദിച്ചത്.
