വർക്കല : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള ജാമിഅ: മന്നാനിയ്യായിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന പതിനേഴാമത് ബുഖാരി മജ്‌ലിസ് ഓഗസ്റ്റ് 24, ഞായറാഴ്ച നടക്കുന്ന പ്രാർത്ഥനാ സംഗമത്തോടെ സമാപിക്കും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ വിശുദ്ധ ഗ്രന്ഥമാണ് നബിചര്യ പ്രതിപാദിക്കുന്ന “ബുഖാരി ഷെരീഫ്”. വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസിൽ കഴിഞ്ഞ ജൂലൈ 26ന് ആരംഭിച്ച ബുഖാരി മജ്ലിസിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗൽഭ മതപണ്ഡിതന്മാർ 7000-ത്തിലധികം ഹദീസുകൾ പാരായണം ചെയ്തു വിശദീകരിച്ചു.
ഓഗസ്റ്റ് 24, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വർക്കല ജാമിഅ: മന്നാനിയ്യാ ബുഖാരി മജ്‌ലിസ് ഹാളിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായ അതിരാംപട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി ദു:ആ മജ്ലിസിന് നേതൃത്വം നൽകും.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും വർക്കല ജാമിഅ: മന്നാനിയ പ്രിൻസിപ്പലുമായ അൽഉസ്താദ് കെ.പി അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിക്കും.
ഡി.കെ.ജെ.യു ജനറൽ സെക്രട്ടറിയും മന്നാനിയ്യാ ചെയർമാനുമായ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ജാമിഅ മന്നാനിയ ജനറൽ സെക്രട്ടറിയുമായ അൽഹാജ്ജ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡി.കെ.ജെ.യു സംസ്ഥാന ട്രഷറർ ഉസ്താദ് അബ്ദുൽ റഹ്മാൻ മൗലവി, ജാമിഅ മന്നാനിയ ട്രഷറർ എ.കെ ഉമർ മൗലവി, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അസയ്യിദ് മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി കടുവയിൽ ഇർഷാദ് മൗലവി,പണ്ഡിതന്മാർ, സാദാത്തുക്കൾ, ഉമറാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ബുഖാരി മജ്ലിസ് സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പ്രാർത്ഥന സംഗമത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുള്ള 5000ത്തിലധികം പേർ പങ്കെടുക്കും. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ദു:ആ മജ്‌ലിസിൽ പങ്കെടുക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജാമിഅഃ മന്നാനിയ്യാ ഭാരവാഹികൾ അറിയിച്ചു.
