വിതുര∙ ബേക്കറിയിലേക്കു കാർ ഇടിച്ചു കയറ്റി, ബേക്കറി ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും നാശ നഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൊളിക്കോട് സ്വദേശി മുഹമ്മദ് ഇജാസ്(25) ആണ് അറസ്റ്റിലായത്. ബേക്കറിയിലെത്തിയ പ്രതിക്ക് സമയത്തിന് സിഗരറ്റ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. കഴിഞ്ഞ ദിവസം രാത്രി 11ന് തൊളിക്കോട് ഇരുത്തലമൂല ജംക്‌ഷനിലെ കടയിൽ ആയിരുന്നു സംഭവം.
ബേക്കറി ഉടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ ശേഷം അൽപം കഴിഞ്ഞ് കാറുമായെത്തി ബേക്കറിക്കുള്ളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ബേക്കറി ഉടമയ്ക്കു നേരെ കല്ല് എറിഞ്ഞു. ഉടമയെ തടിക്കഷണം കൊണ്ട് ആക്രമിക്കുകയും ഗ്ലാസ് മേശ അടിച്ചു പൊട്ടിക്കുകയും ചെയ്തു.
ഉടമയുടെ ഭാര്യയുടെ കൈ പിടിച്ച് തിരിക്കുകയും അടിക്കുകയും ചെയ്തു. കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഇജാസ്. വിതുര ഇൻസ്പെക്ടർ ജി.പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർ മുഹ്സിൻ മുഹമ്മദ്, എഎസ്ഐ: ആർ.എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
