January 15, 2026

വെള്ളറട∙ മലയോര പഞ്ചായത്തു പ്രദേശത്ത് റോഡരികിൽ കൂടുന്ന അനധികൃത ചന്തകൾ അപകട ഭീഷണി ഉയർത്തുന്നു. മലയോര ഹൈവേയിലെ ഒന്നാം റീച്ചിൽ പളുകൽ, പുല്ലന്തേരി, തട്ടിട്ടമ്പലം,  പുളിയൂർശാല, പുളിമൂട്, കാരമൂട്, ആനപ്പാറ, പേരേക്കോണം എന്നിവിടങ്ങളിൽ റോഡരികിൽ അനധികൃത ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. ജംക്‌ഷനുകളുടെയും വളവുകളുടെയും സമീപമാണിവ പ്രവർത്തിക്കുന്നത്.  റോഡിനോട് ചേർന്നാണ് വിൽക്കാനുള്ള സാധനങ്ങൾ നിരത്തി വയ്ക്കുന്നത്.  വാങ്ങാനെത്തുന്നവർ റോഡിൽ നിന്നുകൊണ്ട് വാങ്ങണം. ഇത് വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നു. കച്ചവടക്കാർ സാധനങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളും ചന്തയോടു ചേർന്ന് റോഡരികിലാണ് നിർത്തുന്നത് ആളുകൾ റോഡിൽ നിറഞ്ഞു നിൽക്കുമ്പോൾ ഇവരെ തട്ടാതിരിക്കാനായി മറുഭാഗത്തു കൂടിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം അനധികൃത ചന്തകൾ നിയന്ത്രിക്കുന്നില്ലെന്നു പരാതിയുണ്ട്.  മീൻവിൽപന ആദ്യം തുടങ്ങും. ദിവസങ്ങൾ പിന്നിടുമ്പോൾ പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും കച്ചവടത്തിനെത്തും. പിന്നീട് ചന്തയായി മാറുകയാണ്. ഓരോ പഞ്ചായത്തു പ്രദേശത്തും ഇത്തരം അഞ്ചിലേറെ അനധികൃത ചന്തകൾ റോഡരികിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടോ മൂന്നോ വാർഡുകളിലെ ആൾക്കാർക്ക് എത്തി സാധനങ്ങൾ വാങ്ങാൻ കഴിയുന്ന വിധം ചെറു ചന്തകൾ പഞ്ചായത്തുകൾ തന്നെ സ്ഥലം കണ്ടെത്തി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *