January 15, 2026

തിരുവനന്തപുരം : ഇരുപത്തിയാറുകാരിയുടെ ജീവിതം വഴിമുട്ടിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗുരുതര ചികിത്സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ 50 സെന്‍റീ മീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് യുവതിയുടെ നെഞ്ചിൽ കുടുങ്ങി. കാട്ടാക്കട സ്വദേശി സുമയ്യയുടെ നെഞ്ചിലാണ് സർജറിക്കിടെ ട്യൂബ് കുടുങ്ങിയത്. ഇതുസംബന്ധിച്ച് ജനറൽ ആശുപത്രിയിലെ ഡോക്റ്റർ രാജീവ്‌ കുമാറിനെതിരേയാണ് യുവതി പരാതി നൽകിയത്. 2023 മാർച്ച്‌ 22നാണ് യുവതി സർജറിക്ക് വിധേയയായത്.

ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്റ്റർക്ക് കീഴിൽ രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യപ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. എക്സ്റേയിലാണ് നെഞ്ചിനകത്ത് ട്യൂബ് കണ്ടത്. വീണ്ടും സന്ദർശിച്ചപ്പോൾ ഡോക്റ്റർ പിഴവ് സമ്മതിച്ചെന്ന് യുവതി പറഞ്ഞു. മറ്റു ഡോക്റ്റർമാരുമായി സംസാരിച്ച രാജീവ്‌ കുമാർ കീ ഹോൾ സർജറിയിലൂടെ ട്യൂബ് പുറത്തെടുക്കാമെന്ന് യുവതിയെ അറിയിക്കുകയും ചെയ്തു.

സംഭവം രഹസ്യമാക്കിവയ്ക്കണമെന്ന് ഡോക്റ്റർ ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി. പിന്നീട് രാജീവ്‌ കുമാറിന്‍റെ നിർദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. രക്തക്കുഴലുമായി ട്യൂബ് ഒട്ടിച്ചേർന്നെന്ന് സിടി സ്കാനിൽ വ്യക്തമായി.
ഇതോടെ രാജീവ്‌ കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. തുടർ ചികിത്സയ്ക്ക് മാർഗമില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *