വർക്കല : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള വർക്കല ബ്ലോക്കിലെ വർക്കല നഗരസഭ, ചെറുന്നിയൂർ, ചെമ്മരുതി, ഇടവ, ഇലകമൺ, വെട്ടൂർ, ഒറ്റൂർ,മണമ്പൂർ എന്നീ 8 കൃഷിഭവനുകളുടെയും അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മാതൃകാകർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കർഷക ദിനാചരണ വിളംബര ഘോഷയാത്ര, കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, കാർഷിക സെമിനാർ, കർഷക റാലി, കർഷകരും കർഷക തൊഴിലാളികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയും കർഷക ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
വർക്കല നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാഘോഷം അഡ്വ. വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. വർക്കല നഗരസഭ ചെയർമാൻ അഡ്വ.കെ.എം ലാജി അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭയിലെ മികച്ച കർഷകരെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാഘോഷം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മാതൃക കർഷകരെ ചടങ്ങിൽ എംഎൽഎ ആദരിച്ചു. കർഷക ദിനാഘോഷ വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു.
ചെമ്മരുതി ഗ്രാമ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ അഡ്വ.വി.ജോയി എംഎൽഎ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ എംഎൽഎ ആദരിച്ചു. തുടർന്ന് കർഷകരുടെ വിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.
ഇടവ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കർഷകദിനാഘോഷം അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷത വഹിച്ചു. ഇടവ പഞ്ചായത്തിലെ മാതൃക കർഷകരെ എംഎൽഎ ആദരിച്ചു. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.
ഒറ്റൂർ കൃഷിഭവനിൽ ഒ.എസ് അംബിക എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.
ഇലകമൺ ഗ്രാമപഞ്ചായത്ത് ഹാളിൽ അഡ്വ.വി.ജോയി എംഎൽഎ കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അധ്യക്ഷത വഹിച്ചു. വിളംബര ഘോഷയാത്ര, കാർഷികോല്പന്നങ്ങളുടെ വിപണനം പ്രദർശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.
മണമ്പൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം കവലയൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് അധ്യക്ഷത വഹിച്ചു. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.
വെട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കർഷകദിനാഘോഷം അഡ്വ. വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ലാൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ചടങ്ങിൽ എംഎൽഎ ആദരിച്ചു. തുടർന്ന് കാർഷിക സെമിനാർ നടന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ നസീർ, പ്രിയദർശിനി.വി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്മെന്റ് ) എം.പ്രേമവല്ലി, വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമബീവി.എം, വിവിധ കൃഷിഭവനുകളിലെ കൃഷി ഓഫീസർമാരായ വിമൽ കുമാർ എം എസ്, അനശ്വര ആർ.എസ്, ഷീജ.വി, റോഷ്ന.എസ്, ജാസ്മി.വൈ, ധന്യ.ജി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കാർഷിക കർമ്മസേന, സഹകരണ ബാങ്ക് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ കർഷക ദിനാചരണ പരിപാടികളിൽ പങ്കെടുത്തു.





