ആറ്റിങ്ങൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിൻകീഴ് ശാർക്കര കടകം പുളുംതുരുത്തിൽ പ്രസന്ന വിലാസത്തിൽ സുജിത്ത് (26) നെയാണ് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി ആർ ബിജു കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുവാനും പിഴ ഒടുക്കിയില്ലെങ്കിൽ 23 മാസം തടവ് കൂടി അനുഭവിക്കണം എന്നും വിധി ന്യായത്തിൽ പറയുന്നു. 2022 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ, കുട്ടിയുടെ വീട്ടിൽ വച്ചും വർക്കല റിസോർട്ടിൽ വച്ചും വിവാഹ വാഗ്ദാനം നൽകി പല പ്രാവശ്യം പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളതാണ്. അന്വേഷണം നടത്തിയിരുന്നത് ചിറയിൻകീഴ് എസ് എച് ഓ ആയിരുന്ന ജീ. ബി മുകേഷ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു സലിംഷയും അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി.
