January 15, 2026

തിരുവനന്തപുരം: എസ്.ഐ.ആറിലെ അമിത ജോലി ഭാരം മൂലം പയ്യന്നൂരിലെ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത് നിർഭാഗ്യകരമായെന്നും സംഭവത്തിൽ പ്രതി തെഞ്ഞെടുപ്പ് കമ്മീഷനാണെന്നും വെൽഫെയർ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ട്.

അമിത ജോലി ഭാരം മൂലമാണ് അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ എന്യൂമറേഷൻ ജോലികൾ പൂർത്തീകരിക്കാൻ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ജില്ല കലക്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ദിവസത്തിനകം ജോലി പൂർത്തീകരിക്കണമെന്ന് ബി.എൽ.ഒമാർക്ക് ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുകയാണ്. നൂറുകണക്കിന് വീടുകൾ കയറി ആയിരക്കണക്കിന് വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് ശേഷം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്ന ജോലികൾ ചെയ്യാൻ ബി.എൽ.ഒമാർക്ക് മതിയായ സമയം ലഭിക്കേണ്ടതുണ്ട്. ബി.എൽ.ഒമാർക്ക് തങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ചാർജുകൾ കൂടി നിർവഹിക്കാനുണ്ട്. അതിനിടയിൽ എസ്.ഐ.ആറിൻ്റെ അമിത ജോലി ഭാരം കൂടി വരുന്നത് മനുഷ്യസാധ്യമായ കാര്യമല്ല.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതും പരിശോധിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് സാധാരണ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകാറുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ പാർട്ടികൾക്കും എസ്.ഐ.ആറിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്കിടയിൽ ബി.എൽ.ഒമാർ എസ്.ഐ.ആറിൻ്റെ പണികൾ കൂടി ചെയ്യുന്നതിൻ്റെ പ്രയാസത്തെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാത്തിനും മതിയായ ഉദ്യോഗസ്ഥരുണ്ട്, പരാതികൾ ഇല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവകാശവാദം തെറ്റാണെന്നാണ് അനീഷ് ജോർജിൻ്റെ സംഭവമടക്കം തെളിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്.ഐ.ആർ നിർത്തിവെക്കാൻ കമ്മീഷൻ തയ്യാറാകുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *