തിരുവനന്തപുരം : സ്മാർട് സിറ്റി പദ്ധതിപ്രകാരം പുതുക്കിപ്പണിത റോഡുകളിൽ തുടർച്ചയായി പൈപ്പ് ലൈനുകൾ പൊട്ടുന്നു. പൈപ്പ് ലൈനുകളിൽ പലയിടത്തായി ചോർച്ച കണ്ടെത്തിയിട്ടുണ്ട്. വഴുതക്കാട്ട് നാലിടത്താണ് നിലവിൽ ചോർച്ചയുള്ളത്. കിഴക്കേക്കോട്ടയിലും വഞ്ചിയൂരിലും രണ്ട് സ്ഥലങ്ങളിലും പേട്ടയിൽ ഒരിടത്തും വെള്ളം പാഴാകുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് വഴുതക്കാട്ട് ആദ്യ ചോർച്ച കണ്ടെത്തിയത്. ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല. സ്മാർട് റോഡുകളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലൂടെ നഗരത്തിലെ പൈപ്പ് പൊട്ടൽ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ, വാഗ്ദാനങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല.
അതേസമയം പ്രശ്നമെന്താണെന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് വാട്ടർ അതോറിറ്റി. പല സ്ഥലങ്ങളിലും ഇപ്പോഴും പഴയ പൈപ്പ് ലൈനുകളുണ്ടെന്നും ഇതിൽ ഏതിനാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നതെന്ന് റോഡ് പൊളിച്ച് പരിശോധിച്ചാൽമാത്രമേ മനസ്സിലാകുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. റോഡിൽനിന്ന് അധികം താഴ്ചയിലല്ല പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. അതുകൊണ്ട് ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോഴും മറ്റുമുണ്ടാകുന്ന മർദം കൊണ്ടോ എയർലോക്കുകൾ കാരണമോ ആകാം പൈപ്പ് ലൈൻ പൊട്ടുന്നതെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വാദം.
പുതിയ ലൈനിലാണോ പഴയതിലാണോ ചോർച്ചയുണ്ടാകുന്നതെന്നത് സംബന്ധിച്ചും വാട്ടർ അതോറിറ്റിക്ക് വ്യക്തതയില്ല. റോഡ് പൊളിച്ച് പരിശോധിക്കാൻ സ്മാർട് സിറ്റിയുടെ അനുമതി ഉടൻ തേടുമെന്നാണ് അധികൃതർ അറിയിച്ചത്.
മതിയായ ഫണ്ടില്ലാത്തതും അറ്റകുറ്റപ്പണികൾ വൈകുന്നതിനു കാരണമായും അധികൃതർ അറിയിച്ചു.
ശാസ്തമംഗലം പൈപ്പിൻമൂട് ഊളമ്പാറ റോഡിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലും വെള്ളയമ്പലം, കവടിയാർ ജവഹർ നഗർ, ഗോൾഫ് ലിങ്ക്‌സ് റോഡ്, ദേവസ്വം ബോർഡ്, നന്തൻകോട് എന്നിവിടങ്ങളിലും ജനുവരി മൂന്നുവരെ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.
