മാറനല്ലൂർ : ഒരിടവേളയ്ക്കുശേഷം കണ്ടല ബാങ്കിൽ വീണ്ടും നിക്ഷേപകർ സംഘടിച്ചു. അടുത്തിടെ മുൻ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗനും ഐ.ബി. സതീഷ് എം.എൽ.എ.യും മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളാണ് വീണ്ടും നിക്ഷേപകക്കൂട്ടായ്മ സംഘടിപ്പിക്കാൻ കാരണമായത്. നിരന്തരമായി മാസങ്ങൾക്കുമുൻപ് കണ്ടല ബാങ്കിനുമുന്നിൽ നിക്ഷേപകർ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
യാതൊരു ഫലവും കാണാതെവന്നതോടെ നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 70 ദിവസത്തിനകം നിക്ഷേപകർക്ക് പണം തിരികെക്കൊടുക്കണമെന്ന് വിധിയുണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട് ബാങ്ക് നടപടിയെടുത്തില്ല.
ജയിൽമോചിതനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ വസ്തുവകകൾ ഇ.ഡി. കണ്ടുകെട്ടി കണ്ടല ബാങ്കിന് കൈമാറിയെങ്കിലും അതിലും നടപടിയൊന്നും ഉണ്ടായില്ല. ഐ.ബി. സതീഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ വകുപ്പുമന്ത്രിയുടെ ചേംബറിൽ ചേർന്നെടുത്ത തീരുമാനങ്ങൾ ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കണ്ടല ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കാൻ താത്പര്യമിെല്ലന്നാണ് എം.എൽ.എ.യുടെ മറുപടിയെന്നാണ് നിക്ഷേപകരുടെ ആരോപണം.
വെള്ളിയാഴ്ച രജിസ്ട്രാറെ സമീപിക്കുമെന്നും വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനമെന്നും നിക്ഷേപകക്കൂട്ടായ്മ വ്യക്തമാക്കി.
