തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ പത്താംക്ലാസ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്തുകൊണ്ട് കാണുന്നില്ലെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ(കെആർഎസ്എംഎ) പ്രസിഡന്റ് ആനന്ദ് കണ്ണശ. ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നവർക്ക് അമിത പാഠ്യഭാരം ഇല്ലേയെന്നും അതോ അവർ മാനസിക സമ്മർദ്ദത്തിൽ ആയാലും കുഴപ്പമില്ല എന്നതാണോ സർക്കാർ നിലപാടെന്നും ആനന്ദ് കണ്ണശ ചോദിച്ചു. അടുത്ത വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കുമെന്നവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമിതമായ പാഠ്യഭാരത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിച്ചുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ സമ്മർദ്ദം ഒന്നുമില്ലേയെന്ന് ആനന്ദ് കണ്ണശ ചോദിച്ചു. അതോ അവർ സമ്മർദ്ദത്തിൽ ആയാലും കുഴപ്പമില്ല എന്നാണോ സർക്കാർ നിലപാട്. എന്താണ് ഇപ്പോൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളോട് ഗവൺമെന്റിന്റെ നിലപാട് എന്നുകൂടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വർഷം ക്രിസ്മസ് പരീക്ഷയുടെ തൊട്ടടുത്ത ദിവസങ്ങളിലാണ് ചോദ്യപേപ്പറുകളുടെ ഘടന മാറ്റി കൊഗ്നിറ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരുന്നത് എന്ന വിവരം അധ്യാപകരെ തന്നെ അറിയിക്കുന്നതെന്ന് ആനന്ദ് കണ്ണശ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് വരുത്തിയ പരിഷ്കരണം തുടർന്നുള്ള ജനുവരി, ഫെബ്രുവരി മാസത്തിലെ അക്കാദമിക ദിനം കൊണ്ട് എത്രമാത്രം അധ്യാപകർക്ക് കുട്ടികളിൽ എത്തിക്കാൻ കഴിയും എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. പുരോഗമനപരമായ ഏതൊരു മാറ്റവും അനിവാര്യമാണ് അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ആ മാറ്റം ഉൾക്കൊള്ളാൻ സർക്കാർ കുട്ടികൾക്ക് നൽകിയ സമയം 40 പ്രവൃത്തി ദിവസങ്ങളാണ്. അതിൽ തന്നെ 10 ദിവസത്തോളം മോഡൽ പരീക്ഷയ്ക്കായി നഷ്ടപ്പെടും. ബാക്കി 30 ദിവസം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്തിനാണ് ഈ രീതി നടപ്പിലാക്കാൻ ഇത്ര ധൃതി. പത്താം ക്ലാസ്സിലെ കുട്ടികൾ എന്ന പരിഗണന എവിടെയും കണ്ടില്ല. മുൻ വർഷങ്ങളിലും ചില പാഠഭാഗങ്ങൾ പബ്ളിക് പരീക്ഷക്ക് ഒഴിവാക്കി കുട്ടികളുടെ പഠനഭാരം കുറക്കുന്നു എന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പൊതുപരീക്ഷക്ക് ഒരാഴ്ചക്ക് മുൻപ് നടത്തുന്ന ഈ പാഠഭാഗങ്ങളുടെ ഒഴിവാക്കലുകൾ പരീക്ഷാർത്ഥികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കാറില്ല. കാരണം ഈ പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതിനും മാസങ്ങൾക്ക് മുൻപ് തന്നെ പ്രസ്തുത പാഠങ്ങൾ അധ്യാപകർ പഠിപ്പിക്കുകയും കുട്ടികൾ അത് പഠിച്ച് പരീക്ഷക്കായി വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യും. ഇതിനാക്കാളൊക്കെ നിരുത്തരവാദിത്വമാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളോട് ഗവൺമെന്റ് അധികാരികൾ കാണിക്കുന്നത് എന്നുകൂടി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളോട് പ്രതിബദ്ധതയുള്ള സർക്കാരാണെങ്കിൽ ഈ വർഷം തന്നെ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പാഠഭാരം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും മാസങ്ങൾക്ക് മുമ്പ് മാത്രം പ്രഖ്യാപിച്ച കൊഗ്നിറ്റീവ് ടൈപ്പ് ചോദ്യങ്ങൾ എന്ന പരീക്ഷാ ഘടന ഉപേക്ഷിച്ച് ഈ വർഷം കൂടി പഴയ രീതി പിന്തുടരണമെന്നും ആനന്ദ് കണ്ണശ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
