മാറനല്ലൂർ : ഊരൂട്ടമ്പലം പൊതു ചന്തയിൽ മാലിന്യനീക്കം നിലച്ചു.
മാലിന്യം നീക്കംചെയ്യാതായതോടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും കൂടിയെന്ന് പരാതി. ചന്തയിലെ മാലിന്യങ്ങൾ ചന്തയ്ക്കുള്ളിൽത്തന്നെ നിർമിച്ചിട്ടുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നത്. എന്നാൽ, പലപ്പോഴും യഥാസമയം നീക്കംചെയ്യാത്തതുകാരണം മാലിന്യം കൂന്നുകൂടുന്നു.
മാലിന്യം കൂടിക്കിടക്കുന്നതുകാരണം പ്രദേശത്ത് ദുർഗന്ധവും വർധിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പ്ലാസ്റ്റിക് ശേഖരണം ഹരിതകർമസേനാ പ്രവർത്തകർ നടത്തുന്നുണ്ടെങ്കിലും ചന്തയിൽ വ്യാപാരം നടത്തുന്നവരുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുഴിയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്.
ഇവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളും ബോധവത്കരണം നടത്തി ശേഖരിക്കുന്നതിനുവേണ്ട നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചന്തയിലെ കുഴിയിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമീപത്തെ വീടുകളിൽ കാക്കകൾ കൊത്തിവലിച്ചിടുന്നത് കിണറുകളേയും മലിനപ്പെടുത്തുന്നു.
ചന്തയിൽ നിർമിച്ചിട്ടുള്ള കുഴിയിൽ മൂടിസ്ഥാപിക്കണമെന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഇതുവരെയുണ്ടായില്ലെന്നാണ് നാട്ടുകാരുടെആക്ഷേപം.
