തിരുവനന്തപുരം : ഇടതുപക്ഷ സർക്കാർ പട്ടികജാതിക്കാരെ വഞ്ചിച്ചു എന്നാരോപിച്ച് പട്ടികജാതി മോർച്ച തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിലുണ്ടായ സംഘർഷത്തിൽ രണ്ടു വനിതാപ്രവർത്തകർക്ക് പരിക്കേറ്റു. സമരക്കാർക്കു നേരേ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിനിടെ ബാരിക്കേഡിൽനിന്നു വീണ് പട്ടികജാതി മോർച്ച സിറ്റി ജില്ലാ സെക്രട്ടറി ദിവ്യ എസ്.എസിനു തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. പട്ടികജാതി മോർച്ച പ്രവർത്തകയായ രാജാജി നഗർ സ്വദേശിനി ആതിരയ്ക്ക് കൈക്കു പരിക്കേറ്റു. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിനു സമീപം ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡിനു മുകളിൽക്കയറി പ്രതിഷേധിച്ച വനിതാപ്രവർത്തകർക്കുനേരേയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിവ്യ പത്ത് മിനിറ്റിലധികം റോഡിൽ കിടന്നിട്ടും ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് തയ്യാറായില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദിവ്യയുമായി എം.ജി. റോഡ് ഉപരോധിച്ചു. തുടർന്ന് ദിവ്യയെ ആറ്റുകാൽദേവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തോട് പിണറായി സർക്കാർ അയിത്തം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി പട്ടികജാതി വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പൂർണമായും നിഷേധിച്ചിരിക്കുകയാണെന്നും. പറഞ്ഞു പട്ടികജാതി മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് കരിക്കകം അനീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം തമ്പാനൂർ സതീഷ്, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്ത്, പ്രശാന്ത് മുട്ടത്തറ, വിഷ്ണു, ആനയറ ഷാജി, പാറയിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി. പട്ടികജാതി മോർച്ചയുടെ നിയമസഭാ മാർച്ചിൽ വനിതാപ്രവർത്തകർക്കുനേരേ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
ദിവ്യ എന്ന പ്രവർത്തകയുടെ നട്ടെല്ല് പൊട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും അറിയിച്ചു.
