തിരുവനന്തപുരം : ജൈവ അധിനിവേശംമൂലം വേളി-ആക്കുളം കായലിന്റെ പാരിസ്ഥിതികഘടനയെ പൂർണമായും പുനർനിർമിച്ചതായി പഠനം. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
പഠനത്തിന്റെ ഉള്ളടക്കം മറൈൻ എൻവയൺമെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചു. ചെമ്പഴന്തി ശ്രീനാരായണ കോളേജ് സുവോളജി വകുപ്പിലെ ഡോ. എസ്.ആർ. റെജി, കുഫോസ് പ്രതിനിധി ബി. കിരണ്യ, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഡോ. ബിജുകുമാർ, ഗോവ ഐ.സി.എ.ആർ.-സെൻട്രൽ കോസ്റ്റൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രീകാന്ത്, ഡോ. ആർ. സ്മൃതി എന്നിവരാണ് പ്രബന്ധം തയ്യാറാക്കിയത്. അടിഞ്ഞുകൂടുന്ന മാലിന്യമാണ് കായലിന്റെ പാരിസ്ഥിതികഘടനയ്ക്ക് ഭീഷണിയായി നിലനിൽക്കുന്നതെന്നാണ് കണ്ടെത്തൽ.
ഇതുമൂലം വിദേശമത്സ്യങ്ങളുടെയും മറ്റു സസ്യങ്ങളുടെയും സാന്നിധ്യമുണ്ട്. ഇതേത്തുടർന്ന് പ്രാദേശിക മീനുകളായ വരാൽ, നാടൻ മുഷി, കരിമീൻ, പരലുകൾ കായലിൽനിന്ന് അപ്രത്യക്ഷമായി.ഇതിൽ നാടൻ മുഷിക്ക് വംശനാശം സംഭവിച്ചുവെന്നും ഇവർ പറയുന്നു.പ്രാദേശിക മത്സ്യങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതും ഇവയ്ക്ക് ഭീഷണിയാണ്.
മത്സ്യബന്ധ ഉത്പാദനക്ഷമതയെയും ജൈവവൈവിധ്യ സ്ഥിരതയെയും ഇതു ദോഷമായി ബാധിക്കുമെന്നും ബിജു അഭിപ്രായപ്പെട്ടു. ഒരുകാലത്ത് മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിനു ഏറെ ആശ്രയിച്ചിരുന്നത് വേളി-ആക്കുളം കായലിനെയാണ്. എന്നാൽ, തനത് മത്സ്യങ്ങളെല്ലാം അപ്രത്യക്ഷമായതോടെ മത്സ്യബന്ധനത്തിനു തിരിച്ചടിയായി.
കുളവാഴയും മൊസാംബിക് തിലാപ്പിയ, നൈൽ തിലാപ്പിയ, സക്കർ മൗത്ത് ക്യാറ്റ്ഫിഷ്, ആഫ്രിക്കൻ മുഷി എന്നിവയുടെ കടന്നുകയറ്റവും കായലിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു.
നീർത്തട പരിപാലനം മെച്ചപ്പെടുത്തൽ, കുളവാഴ നിയന്ത്രിക്കൽ, അഴിമുഖത്തെ മണൽത്തിട്ട തുറക്കുക, കാർഷികമേഖലയിൽനിന്നുള്ള നീരൊഴുക്ക് നിയന്ത്രിക്കുക, നീർത്തടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കുക തുടങ്ങിയ ശുപാർശകളാണ് പഠനസംഘം മുന്നോട്ടുവെക്കുന്നത്.
ഇതോടൊപ്പം നാടൻ മത്സ്യങ്ങളായ നാടൻ മുഷി, വരാൽ എന്നിവയെ കായലിൽ നിക്ഷേപിക്കുകയും തുടർന്ന് പ്രജനനം നടത്താനുള്ള സാഹചര്യവും സൃഷ്ടിക്കാനും പഠനം നിർദേശിക്കുന്നു.
