”നഗര ആസൂത്രണത്തിന് വിഭവ ഭൂപടങ്ങൾ – ആറ്റിങ്ങൽ മുനിസിപ്പാലിറ്റി: വിദ്യാർത്ഥി പങ്കാളിത്ത സമീപനത്തിലൂടെ തയ്യാറാക്കിയത്” എന്ന സമഗ്ര അറ്റ്ലസ് ശ്രദ്ധേയമാവുന്നു. ഭൂമിശാസ്ത്ര പഠനത്തെ സമൂഹോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് മാതൃകയാവുകയാണ് ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി. എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.

”പഠനാനുഭവങ്ങൾ രൂപപ്പെടുത്തുന്ന സ്കൂൾ കാമ്പസ്: ഒരു ഭൂമിശാസ്ത്ര പര്യവേഷണം” എന്ന അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കിയത്. പുസ്തകപരിധിയിലൊതുങ്ങാത്ത പഠനാനുഭവങ്ങൾ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ സവിശേഷത. സ്കൂൾ കാമ്പസിനെ തന്നെ പഠനശാലയാക്കി മാറ്റി മണ്ണറിവ്, ജലമറിവ്, അന്തരീക്ഷ അറിവ്, സ്ഥാനീയ അറിവ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ സമഗ്രമായ അറിവുകൾ ആർജ്ജിക്കുകയും അവ ശാസ്ത്രീയമായി ക്രോഡീകരിക്കുകയും ചെയ്തതാണ് ഈ അറ്റ്ലസ്. ഭൗതിക പരിസ്ഥിതിയെയും മാനവിക പരിസ്ഥിതിയെയും അടുത്തറിയുക എന്ന ദർശനപരമായ ലക്ഷ്യത്തോടെയാണ് പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്തത്.

ജി.പി.എസ് സാങ്കേതികവിദ്യയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് സ്കൂൾ കാമ്പസിന്റെയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെയും കൃത്യമായ ഭൂപടങ്ങൾ വിദ്യാർത്ഥി പങ്കാളിത്തത്തോടെ തയ്യാറാക്കി. സോയിൽ സർവ്വേയുടെ ‘മണ്ണ്’ എന്ന മൊബൈൽ ആപ്പും പി.എച്ച് മീറ്ററും പ്രയോജനപ്പെടുത്തി കർഷകർക്കായി മണ്ണിന്റെ അമ്ലത്വവിതരണം വ്യക്തമാക്കുന്ന പി.എച്ച് ഭൂപടവും തയ്യാറാക്കി. ഇതോടൊപ്പം, പ്രളയസാധ്യത തിരിച്ചറിയുന്നതിനായി വെള്ളപൊക്ക ആപത് സൂചികാ ഭൂപടവും അനുബന്ധ വിവരങ്ങളും ശാസ്ത്രീയമായി രൂപപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് പിന്തുണയോടെ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ‘റിസ്ക് ഇൻഫോംഡ് സ്കൂൾ മാപ്പ്’ പദ്ധതിയിൽ നിന്നുള്ള പ്രചോദനമാണ് പ്രളയ ഭൂപട നിർമ്മാണത്തിനു പിന്നിൽ. കോട്ടയം ആസ്ഥാനമായ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം സാങ്കേതിക പിന്തുണ നൽകി. വിദ്യാർത്ഥികളെ അറിവിന്റെ ഉപഭോക്താക്കളായി മാത്രം കാണാതെ അറിവ് നിർമ്മാതാക്കളാക്കി മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിലെ വികസന ആസൂത്രണത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഈ അറ്റ്ലസിലെ വിവരങ്ങൾ ശാസ്ത്രീയ മാർഗ്ഗരേഖയായി മാറും. നഗരവികസനത്തിന് സഹായകമായ 26 വിഷയാധിഷ്ഠിത ഭൂപടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ അറ്റ്ലസ് പ്രാദേശിക ഭരണകൂടങ്ങൾക്ക് വിഭവസമാഹരണത്തിനും സുസ്ഥിര വികസനത്തിനും വഴികാട്ടിയാകും. വിദ്യാർത്ഥി പങ്കാളിത്തത്തോടെ സമൂഹത്തിന് ഉപകാരപ്രദമായ വിവരസ്രോതസ്സുകൾ സൃഷ്ടിക്കാമെന്ന് തെളിയിക്കുന്ന ഈ വിദ്യാഭ്യാസ മാതൃക രാജ്യത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാകുമെന്നതാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. ഇതൊരു മാതൃകയാക്കി കേരളത്തിലെ മറ്റു സ്കൂളുകൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൻ്റേയോ മുൻസിപ്പാലിറ്റിയുടേയോ ചെയ്യാനായാൽ എല്ലാ പഞ്ചായത്തുകളുടേയും സ്ഥാനീയ വിവര ബാങ്ക് (Spatial data bank) തയ്യാറാക്കാനാകും. വികസനാസൂത്രണ പദ്ധതികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിഭവ ഭൂപട അറ്റ്ലസും അക്കാദമിക മാസ്റ്റർ പ്ലാനും ഔദ്യോഗികമായി പ്രകാശനം ചെയ്തു.

