പാറശ്ശാല : ആദ്യഘട്ട നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മലയോര ഹൈവേയിൽ റോഡരികിൽ അപകടകരമായി സ്ഥിതിചെയ്യുന്ന കുഴൽക്കിണർ പൈപ്പ് മാറ്റാതെ അധികൃതർ. റോഡരികിൽ സ്ഥിതിചെയ്യുന്ന പൈപ്പ് രാത്രികാലത്ത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു.
മലയോര ഹൈവേയുടെ ആദ്യഭാഗമായി പാറശ്ശാലയ്ക്കും പളുകലിനും ഇടയിൽ കൊടവിളാകം കവലയിലാണ് റോഡരികിൽ അപകടകരമായനിലയിൽ പൈപ്പ് സ്ഥിതിചെയ്യുന്നത്.
തൊണ്ണൂറുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ പദ്ധതിയിൽ കുഴൽക്കിണർ കുഴിച്ച് അതിനു മുകളിലായി സ്ഥാപിച്ചിട്ടുള്ള കൈകൊണ്ട് അടിച്ച് പ്രവർത്തിപ്പിക്കുന്ന പൈപ്പാണ് വാഹനയാത്രക്കാർക്ക് ഭീഷണിയായിമാറിയിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപെ പ്രവർത്തനം നിലച്ച് ഉപയോഗശൂന്യമായ പൈപ്പ് റോഡിന്റെ നിർമാണത്തിന്റെ ഭാഗമായി ഇളക്കിമാറ്റുമെന്നായിരുന്നു നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും പൈപ്പ് ഇളക്കിമാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.
റോഡിന്റെ ടാറിട്ട ഭാഗത്തിനോടുചേർന്ന് സ്ഥിതിചെയ്യുന്ന ഇരുമ്പിൽ നിർമിച്ച പൈപ്പ് രാത്രികാലത്ത് വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണുയർത്തുന്നത്.
രാത്രി പ്രകാശം കുറഞ്ഞ ഈ മേഖലയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ശ്രദ്ധയിൽ ഈ പൈപ്പ് പെടാറില്ല. എതിർദിശയിൽ വരുന്ന വാഹനങ്ങൾക്കായി റോഡരികിലേക്ക് ഒതുക്കുന്ന വാഹനങ്ങൾ നിരവധി തവണയാണ് ഈ പൈപ്പിൽ തട്ടിയിട്ടുള്ളത്.
രണ്ടുദിവസം മുന്നെ അതിരാവിലെ എതിർദിശയിൽ വൈയ്ക്കോൽ കയറ്റിവന്ന ലോറിക്കായി റോഡരികിലേക്കു ഒതുക്കിയ കാരക്കോണം സ്വദേശിയുടെ കാറിന്റെ ഇടതുഭാഗം ആ പൈപ്പിൽ തട്ടി കാറിന് വലിയതോതിലുള്ള കേടുപാടാണുണ്ടായത്. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഈ ഉപയോഗശൂന്യമായ പൈപ്പ് വലിയ ഭീഷണിയുയർത്തുന്നത്.
റോഡിന്റെ നിലവാരം വർധിച്ചതോടെ അമിതവേഗത്തിലാണ് പലപ്പോഴും വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്. റോഡരികിൽ അപകടകരമായി നിൽക്കുന്ന ഈ പൈപ്പിലേക്ക് ഇരുചക്രവാഹനങ്ങൾ ഇടിച്ചുകയറാനുള്ള സാധ്യതയേറെയാണ്.
അപകടകരമായി നിൽക്കുന്ന പൈപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മലയോര ഹൈവേ അധികൃതർക്ക് നിരവധിതവണ നിവേദനങ്ങൾ നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
