പശ്ചാത്തല സംഗീതത്തെ പറ്റി അടൂരിനോട് ചോദിച്ചപ്പോൾ
പശ്ചാത്തലസംഗീതം പാടെ ഉപേക്ഷിച്ചിരിക്കുകയാണല്ലോഇനിമേലും അതുപയോഗിക്കില്ലെന്നുണ്ടോ?
ഈ ചിത്രത്തില്‍ അതിന് തീരെ ഇടം കാണാന്‍ പറ്റിയില്ല. അതു കൊണ്ട് ഉപയോഗിച്ചില്ല എന്നേയുള്ളു”
നന്നായി രചിച്ച പശ്ചാത്തലസംഗീതം കുറച്ചും കൃത്യമായും ഉപയോഗിച്ചാല്‍ വളരെ ഉപയോഗപ്രദമാകും”
ഇത് ഇന്ത്യന്‍ സിനിമയിലെ രണ്ട് അതികായര്‍ തമ്മിലുള്ള സംഭാഷണമായിരുന്നു. സത്യജിത്ത് റായിയും അടൂര്‍ ഗോപാലകൃഷ്ണനും.
അടൂരിന്റെ കൊടിയേറ്റം കണ്ട ശേഷം പടത്തില്‍ പശ്ചാത്തലസംഗീതം ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റായ്.
മലയാളത്തില്‍ പശ്ചാത്തലസംഗീതമില്ലാതെ ഇറങ്ങിയ ഒരേ ഒരു ചിത്രമാണ് കൊടിയേറ്റം.
അടൂരിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കൊടിയേറ്റം. ആദ്യചിത്രമായ സ്വയംവരത്തില്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ചത് എം ബി ശ്രീനിവാസന് ആയിരുന്നു. കൊടിയേറ്റം കാണുമ്പോള്‍ റായ് സ്വയംവരം കണ്ടിരുന്നില്ല.
സ്വയംവരത്തിന് വേണ്ടി ആദ്യം സംഗീത സംവിധാനം നിര്‍ഹവിക്കാന്‍ അടൂര്‍ നിശ്ചയിച്ചത് വിജയരാഘവ റാവു എന്ന പുല്ലാങ്കുഴല്‍ വാദകനെ ആയിരുന്നു. 1947ലെ സ്വാതന്ത്ര്യദിന പുലരിയില്‍ ചെങ്കോട്ടയില്‍ സംഗീതസദിര് ഒരുക്കി പ്രശസ്തനായിരുന്നു റാവു.
മൃണാള്‍ സെന്നിന്റെ പ്രസിദ്ധമായ ഭുവന് ഷോം എന്ന പടത്തിന് റാവു ഒരുക്കിയ പശ്ചാത്തലസംഗീതം അടൂരിനെ ഏറെ ആകര്‍ഷിച്ചിരുന്നു. അങ്ങനെയാണ് റാവുവിനെ അടൂര്‍ സമീപിക്കുന്നത്. ഭുവന് ഷോമിന് ശേഷം തിരക്കേറിയ റാവുവിന്റെ പിന്നാലെ സമ്പന്നരായ ഹിന്ദി സിനിമാ നിര്‍മ്മാതാക്കള്‍ പോകുന്ന കാലമായിരുന്നു അത്. ചെറിയ ബജറ്റില്‍ ഒരുക്കുന്ന ഒരു ആദ്യ സംവിധായകന്റെ ചിത്രത്തിന് വേണ്ടി സംഗീതം നല്കാന് വിമുഖത ഉള്ളതിനാലാവും പലതും പറഞ്ഞ് റാവു ഒഴിഞ്ഞു. പിന്നെ അടൂര്‍ സമീപിച്ചത് വയലിനിസ്റ്റ് എം എസ് ഗോപാലകൃഷ്ണനെയാണ്. അന്ന് വരെ സിനിമയ്ക്ക് സംഗീതം നിര്വഹിച്ചിട്ടില്ലാത്തതിന്റെ പരിചയക്കുറവ് കാരണം എം എസ് ഒഴിഞ്ഞു. വേണമെങ്കില്‍ വെറുതെ വയലിന് വായിച്ചു തരാമെന്ന് അദ്ദേഹം പറഞ്ഞുവത്രെ.
സ്വയംവരത്തിന്റെ എഡിറ്ററായ എം എസ് മണിയാണ് എം ബി ശ്രീനിവാസന്റെ പേര് നിര്‍ദേശിക്കുന്നത്. വളരെ മനോഹരമായി തന്നെ എം ബി എസ് സ്വയംവരത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കി. അത് കഴിഞ്ഞ് സംഗീതമില്ലാതെ കൊടിയേറ്റം ചെയ്യുന്ന കാലത്ത് അടൂര്‍ എം ബി എസിനെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഈ പടത്തില്‍ നിങ്ങള്‍ക്ക് റോളില്ലെന്ന് തമാശ പറഞ്ഞു. വല്ലപ്പോഴും മാത്രം പടമെടുക്കുന്നത് പോട്ടെ, എടുക്കുമ്പോള്‍ തനിക്ക് പണിയും തരില്ലെന്ന് പറയുന്നത് ന്യായമല്ലെന്ന് എം ബി എസും പറഞ്ഞു.
പടം കണ്ടിട്ട് എം ബി എസ് തന്നെ പറയുക, അതിലെവിടെയാണ് സംഗീതം ചേര്‍ക്കുകയെന്ന്”
തന്റെ സൃഷ്ടി എങ്ങനെയായിരിക്കണമെന്ന് ഉത്തമബോധ്യമുള്ള ഒരു കലാകാരന്റെ മറുപടിയായിരുന്നു അത്.
കൊടിയേറ്റം കണ്ടതിന് ശേഷം എം ബി എസ് പറഞ്ഞത് പടത്തിന് വേണ്ടി സംഗീതം ചെയ്യാന്‍ അടൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ കുഴഞ്ഞു പോയേനെ എന്നാണ്. അതില്‍ പശ്ചാത്തലസംഗീതം ചേര്‍ക്കേണ്ട ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എംബിഎസ് പറഞ്ഞത്.
കൊടിയേറ്റത്തില്‍ സംഗീതം പൂര്‍ണമായും ഒഴിവാക്കിയ അടൂര്‍ “ നന്നായി രചിച്ച പശ്ചാത്തലസംഗീതം കുറച്ചും കൃത്യമായും ഉപയോഗിച്ചാല്‍ വളരെ ഉപയോഗപ്രദമാകും” എന്ന റായിയുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കുന്നതാണ്പിന്നീടുള്ള അടൂര്‍ ചിത്രങ്ങളില്‍ നമ്മള് കണ്ടത്. എലിപ്പത്തായം മുതല്‍ അനന്തരം വരെ എം ബി എസ് തന്നെയായിരുന്നു അടൂരിന്റെ സംഗീതസംവിധായകന്. അനന്തരം 1987ല്‍ ഇറങ്ങി. എം ബി എസ് 1988ല്‍ അന്തരിച്ചു.
എലിപ്പത്തായത്തില്‍ ജലജ അവതരിപ്പിച്ച കഥാപാത്രം എലികള്‍ കുടുങ്ങിയ പത്തായം തൂക്കി കൊണ്ട് കുളക്കരയിലേക്ക് നടക്കുന്ന ദൃശ്യത്തില്‍ വളരെ അസ്വസ്ഥത ജനിപ്പിക്കുന്ന അന്നേ വരെ കേട്ടിട്ടില്ലാത്ത തരം പശ്ചാത്തലസംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. തംബുരുവും കാല്‍ച്ചിലമ്പും മാത്രമാണ് ഇതിനായി ഉപയോഗിച്ചതെങ്കിലും അതിന് വേറൊരു ഭാവം വരാന്‍ എം ബി എസ് ചില ചെപ്പടിവിദ്യകള്‍ കാണിച്ചിട്ടുണ്ട്. വേഗത കുറച്ച് ടേപ്പ് ഓടിച്ചും മറ്റുമാണ് ഇതിന്റെ ലാളിത്യം എം ബി എസ് ഇല്ലാതാക്കിയത്. എലിപ്പത്തായത്തിലെ അപരിചിതമായ സംഗീതം അരോചകമെന്ന് ചില നിരൂപകര്‍ പറഞ്ഞതായി അടൂര്‍ എഴുതിയിട്ടുണ്ട്. ദുരന്തത്തിലേക്ക് നയിക്കുന്ന ജീര്‍ണതയെ കുറിക്കാന്‍ അസ്വസ്ഥജനകമായ സംഗീതം തന്നെ വേണമെന്ന് ശഠിച്ചത് അടൂരായിരുന്നു.
അനന്തരത്തിലെ പശ്ചാത്തലസംഗീതത്തില്‍ അശോകന് അവതരിപ്പിച്ച അജയന് എന്ന കഥാപാത്രം അനുഭവിക്കുന്ന അനാഥത്വത്തിന്റെ തേങ്ങല്‍ കേള്‍ക്കാം. പ്രണയമെന്ന് അയാളും പ്രേക്ഷകരും കരുതുന്ന രംഗങ്ങളില്‍ പോലും പ്രേക്ഷക മനസിനെ വേട്ടയാടുന്ന തരത്തിലുള്ള ഒരു തേങ്ങലിന്റെ ഈണമാണ് എം ബി എസ് നല്‍കിയത്.
തികഞ്ഞ സംഗീതബോധവും സംഗീതരചനയില്‍ തന്നെ കഴിവുമുണ്ടായിരുന്ന റായ് പടത്തില്‍ പശ്ചാത്തലസംഗീതം വേണമെന്ന് അടൂരിനെ ഉപദേശിച്ചതില്‍ അത്ഭുതമില്ല. പഥേര്‍ പാഞ്ചാലിയില്‍ പണ്ഡിറ്റ് രവിശങ്കര്‍ ആയിരുന്നു പശ്ചാത്തലസംഗീതം നല്‍കിയത്. ചാരുലത, മഹാനഗര്‍ പോലെയുള്ള ചിത്രങ്ങള്‍ക്ക് റായ് തന്നെ സംഗീതമൊരുക്കി.
റിപ്പോർട്ട്…. അമൻ
