നെയ്യാറ്റിൻകര : പൈപ്പിടാനായി വെട്ടിപ്പൊളിച്ച കോടതി റോഡിന്റെ നവീകരണം അനന്തമായി നീളുന്നു. കോടതി റോഡിലെ പൈപ്പിടൽ പൂർത്തിയായിട്ടും റോഡ് നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അമാന്തം കാട്ടുകയാണ്. കൃഷ്ണൻകോവിലിന് മുന്നിലെ പണികൂടി കഴിഞ്ഞ ശേഷമേ ടാറിടൂയെന്ന നിലപാടിലാണ് പി.ഡബ്ല്യു.ഡി. അധികൃതർ.
നഗര കുടിവെള്ളപദ്ധതിയുടെ പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാനാണ് ഒന്നര കോടി രൂപയിലേറെ ചെലവിട്ട് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച കോടതി റോഡ് ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ടത്. റോഡ് പൊളിച്ചിട്ട് ആറ് മാസമാകുന്നു.
കോടതി റോഡിലെ പൈപ്പിടൽ ഒരാഴ്ച മുൻപ് പൂർത്തിയായി. എന്നിട്ടും കോടതി റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. കോടതി റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിക്കുകയും ഈ തുകയ്ക്ക് കരാർ നൽകുകയും ചെയ്തു. എന്നിട്ടാണ് പൊതുമരാമത്ത് വകുപ്പ് ടാറിടാതെ മാറിനിൽക്കുന്നത്.
വെട്ടിപ്പൊളിച്ചിട്ട കോടതി റോഡ് നവീകരിക്കാൻ വൈകിയതോടെ കോടതി ഇക്കാര്യത്തിൽ ഇടപെട്ടു. കുടുംബകോടതി ജഡ്ജി രാജൻ തട്ടിലിന്റെ നേതൃത്വത്തിൽ ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും യോഗം വിളിച്ചിരുന്നു. അടിയന്തരമായി റോഡ് നവീകരിക്കുമെന്ന് ജഡ്ജിക്ക് ഉറപ്പ് നൽകിയിട്ട് ഇപ്പോൾ മാസമൊന്നാകുന്നു.
റോഡ് നവീകരണം വൈകുന്നതിനാൽ വേനൽക്കാലത്ത് പൊടിയിൽ കഴിയുകയാണ് ഇവിടത്തുകാർ. അഭിഭാഷകരും അവരുടെ ഓഫീസ് ജീവനക്കാരും പൊടിപടലത്തിനുള്ളിലിരുന്ന് ജോലി ചെയ്യേണ്ട ഗതികേടിലാണ്. കൃഷ്ണൻകോവിന് മുന്നിലെ ശിവക്ഷേത്രത്തിനടിയിലൂടെ പൈപ്പിടണം. ഇത് പൂർത്തിയാക്കിയശേഷമേ കോടതി റോഡ് ടാറിടാനാകൂയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. അങ്ങനെ വന്നാൽ കോടതി റോഡ് നവീകരണം ഇനിയും വൈകും. ഇത് കാരണം കോടതി റോഡിലെ താമസക്കാർ കൂടുതൽ ദുരിതത്തിലാകും.
