വർക്കല : നഗരത്തിലും സമീപറോഡുകളിലും ഗതാഗതനിയമലംഘനവും അനധികൃത വാഹന പാർക്കിങ്ങും വർധിക്കുന്നു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും തോന്നിയപോലെയാണ് റോഡ് ഉപയോഗിക്കുന്നത്. നഗരമധ്യത്തെ റോഡുകളിൽ പോലും അശ്രദ്ധമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സഞ്ചാരികൾ വാഹനങ്ങളിൽ വർക്കലയിലെത്തുന്നുണ്ട്. വാരാന്ത്യങ്ങളിൽ വർക്കലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് യൂണിറ്റ് ഇല്ലാതായതോടെ ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്.
വർക്കല ക്ഷേത്രം റോഡ്, റെയിൽവേ സ്റ്റേഷൻ, വർക്കല മൈതാനം-റെയിൽവേ അടിപ്പാത റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശവും വാഹനങ്ങൾ നിർത്തിയിടാറുണ്ട്. റെയിൽവേ സ്റ്റേഷന് ഇരുവശത്തെയും റോഡരികിൽ വാഹനങ്ങളുടെ വലിയ നിരയാണ്. വൈകുന്നേരങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലെ റോഡിൽ വലിയ വാഹനത്തിരക്കാണ്. മദ്യം വാങ്ങാനെത്തുന്നവർ തോന്നിയ പോലെ വാഹനങ്ങൾ തിരിക്കുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നു. ഇതിനൊപ്പം ആൾക്കൂട്ടം കൂടിയാകുമ്പോൾ ഇവിടം കടന്നുപോകാൻ വാഹനയാത്രക്കാർ ബുദ്ധിമുട്ടുന്നു. തിരക്കുള്ള സമയത്ത് പോലും നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കാറില്ല.
സ്വകാര്യ ബസുകളുടെ തോന്നുപടി സഞ്ചാരവും റോഡിന്റെ മധ്യഭാഗത്ത് നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും ഗതാഗതപ്രശ്നങ്ങളുണ്ടാക്കുന്നു. ഇടവ ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകൾ റോഡിൽ നിർത്തിയാണ് ആളെയിറക്കുന്നത്. ഈ സമയമത്രയും പിന്നിലുള്ള വാഹനങ്ങൾ കാത്തുകിടക്കണം. ഇടറോഡുകൾ പ്രധാന റോഡിൽ ചേരുന്ന ഭാഗത്തും ബസുകൾ നിർത്താറുണ്ട്. മുണ്ടയിൽ റോഡിൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നുണ്ട്. ഇടവ ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിന് സമീപം ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതും യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടാണ്.
ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷകൾ നിർത്തിയിടുന്നത് ബസുകൾ സ്റ്റോപ്പിൽ നിർത്താൻ തടസ്സമാകുന്നു. ഗതാഗതനിയമലംഘനങ്ങൾ ആവർത്തിച്ചിട്ടും നിയന്ത്രിക്കാനും പരിശോധന നടത്താനും പോലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പരാതി അറിയിച്ചാൽ അംഗബലമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. വർക്കലയിൽ ട്രാഫിക് യൂണിറ്റ് ഇല്ലാതായതും ഇക്കാരണത്താലാണ്.
വർക്കല നഗരത്തിലും പാപനാശം വിനോദസഞ്ചാരമേഖലയിലും പാർക്കിങ്ങിന് സൗകര്യമില്ലാത്തത് പ്രതിസന്ധിയാണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം അന്വേഷിച്ച് നടക്കേണ്ടിവരുന്നു. പാപനാശം ഭാഗത്ത് വലിയ ടൂറിസ്റ്റ് ബസുകളിൽ സഞ്ചാരികൾ എത്താറുണ്ട്. ഇവയെല്ലാം റോഡരികിൽ പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്. വർക്കല ക്ഷേത്രം, പാപനാശം, തിരുവമ്പാടി ബീച്ച് എന്നിവിടങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് ടൂറിസം വികസനത്തിനും തലവേദനയാണ്. നഗരത്തിൽ പാർക്കിങ്ങിന് ഇടമുള്ള ഭാഗങ്ങളിൽ വ്യാപാരസ്ഥാപന ഉടമകൾ അവരുടെ സൗകര്യാർഥം നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വാഹന ഉടമകളും സ്ഥാപനം നടത്തുന്നവരും തമ്മിലുള്ള വാക്കുതർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്.
