ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രി വളപ്പിൽ മാലിന്യം വലിച്ചെറിയുന്നു. ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ഒ.പി. ബ്ലോക്ക് കെട്ടിടത്തിനു സമീപമാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞിരിക്കുന്നത്. പുറത്തുനിന്നുള്ളവർ ഇവിടെ വന്നിരുന്ന് ആഹാരം കഴിച്ചതിനുശേഷം വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്.
ഭക്ഷണം പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കടലാസുകളും കവറുകളുമാണ് ഏറെയും. ഭക്ഷണാവശിഷ്ടങ്ങൾക്കായി ധാരാളം തെരുവുനായകളും എത്തുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്ത് പലയിടത്തായി മദ്യക്കുപ്പികളും കൂട്ടിയിട്ടിട്ടുണ്ട്. രാത്രികളിൽ ആശുപത്രിവളപ്പിൽ സമൂഹവിരുദ്ധർ കടന്നുകയറുന്നതായി ആക്ഷേപമുണ്ട്.
നവഭാരത് റോഡിന്റെ ഭാഗത്ത് മതിലില്ലാത്തതിനാൽ ആശുപത്രിവളപ്പിലേക്ക് ആരുംകാണാതെ സമൂഹവിരുദ്ധർക്ക് എളുപ്പം കടന്നുകയറാനാകും. ഇതാണു പ്രശ്നങ്ങൾക്കിടയാക്കുന്നതെന്നാണ് സൂചന.
മാലിന്യം നീക്കണമെന്നും രാത്രിയിൽ ആശുപത്രി പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
