കിളിമാനൂർ : നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ നിയന്ത്രണംവിട്ടെത്തിയ ട്രെയിലർ ലോറി ഇടിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൈക്കുഞ്ഞടക്കം നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംസ്ഥാനപാതയിൽ ഇരട്ടച്ചിറയ്ക്കു സമീപം ഞായറാഴ്ച വൈകീട്ട് നാലുമണി കഴിഞ്ഞായിരുന്നു അപകടം. പുനലൂർ തൊളിക്കോട്, ശെൽവസദനത്തിൽ സുജിത്ത്, ഭാര്യ അനന്യ, മൂന്നുവയസ്സുള്ള മകൻ, അനന്യയുടെ സഹോദരി അനഘ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വിദേശത്തുനിന്ന് ലീവിനു നാട്ടിലെത്തിയ സുജിത്തും കുടുംബവും തിരുവനന്തപുരത്ത് പഠിക്കുന്ന ഭാര്യയുടെ രണ്ടാമത്തെ സഹോദരി അനഘയെ കൂട്ടാനായാണ് പുനലൂരിൽനിന്നും കാറിൽ യാത്രതിരിച്ചത്. കുഞ്ഞിന് തലയിണ വാങ്ങാനായാണ് ഇരട്ടച്ചിറയ്ക്കു സമീപം വാഹനം നിർത്തിയിട്ടത്. തുടർന്ന് തിരികെ വാഹനത്തിൽ കയറിയ സുജിത്ത് കുഞ്ഞ് ഉറങ്ങിയതിനാൽ പുറകിലെ സീറ്റിൽ കിടത്താൻ അനന്യയോട് ആവശ്യപ്പെടുകയും അനന്യ മുൻപിലെ വാതിൽ തുറന്ന് കുഞ്ഞുമായി പുറത്തിറങ്ങിയയുടൻ നിയന്ത്രണംതെറ്റിയെത്തിയ ട്രെയിലർ കാറിന്റെ പുറകിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ വട്ടംകറങ്ങിനിന്നു. ആർക്കും പരിക്കില്ല. കാറിന്റെ മുൻവശവും പിൻവശവും തകർന്നു. ട്രെയിലർ ഉടമ കാർ സ്വന്തം ചെലവിൽ പണിതുനൽകാമെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ െവച്ചു നൽകിയ ഉറപ്പിനെത്തുടർന്ന് മറ്റ് നിയമനടപടികളിൽനിന്നു പിന്മാറിയതായി സുജിത്ത് പറഞ്ഞു.
