തിരുവനന്തപുരം : നിർമാണപ്പിഴവിനെത്തുടർന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യുന്നില്ല. ഇവയ്ക്കിടയിൽ വാസമുറപ്പിച്ച് ഇഴജന്തുക്കളും കീരിയും പെരുച്ചാഴികളും എലികളും. കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മുട്ടത്തറയിലെ ഗവ. പി.എസ്.എം. യു.പി. സ്കൂളിലെ കെട്ടിടമാണ് പൊളിച്ചുനീക്കാത്തത്.
2007-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.ബേബി ഉദ്ഘാടനംചെയ്ത കെട്ടിടമായിരുന്നു തകർന്നുവീണത്. 15 ലക്ഷം രൂപയോളം ചെലവഴിച്ച് അഞ്ച് ക്ലാസ് മുറികളും അനുബന്ധമായി കുട്ടികൾക്ക് ഡൈനിങ് ഹാളും, അടുക്കളയും അടക്കം സജ്ജമാക്കിയാണ് കെട്ടിടം നിർമിച്ചത്. എന്നാൽ, നിർമാണപ്പിഴവിനെത്തുടർന്ന് കെട്ടിടം ഉദ്ഘാടനംചെയ്ത് മൂന്നുമാസത്തിനുള്ളിൽത്തന്നെ ചോർച്ചയുണ്ടായി. ഇത് പരിഹരിച്ചുവെങ്കിലും അഞ്ചുവർഷത്തിനുശേഷം കെട്ടിടത്തിന്റെ അടുക്കളയും ഡൈനിങ് ഹാളും രണ്ട് ക്ലാസ് മുറികളും പാടെ തകർന്നുവീഴുകയായിരുന്നു.
കുട്ടികൾക്ക് അന്ന് പരീക്ഷാദിനമായതിനാൽ ഒരുമണിയോടെ മടങ്ങിയിരുന്നത് വലിയ ദുരന്തം വഴിമാറിയെന്ന് സ്കൂളിലെ പാചക സഹായിയായ ബിന്ദു പറഞ്ഞു.
അപകടത്തെത്തുടർന്ന് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റിയാൽ കുട്ടികൾക്ക് കളിസ്ഥലമെങ്കിലും കിട്ടുമെന്ന് പ്രഥമാധ്യപിക എൻ.കെ.സിന്ധു പറഞ്ഞു.
