വർക്കല: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യായിൽ വർഷംതോറും നടത്തിവരുന്ന ബുഖാരി മജ്ലിസിന് ഇന്ന് (ജൂലൈ 18, ശനിയാഴ്ച) തുടക്കമാകും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ ഹദീസ് ഗ്രന്ഥമാണ് നബിചര്യ പ്രതിപാദിക്കുന്ന ബുഖാരി ഷെരീഫ്. വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസ്സിൽ ആഗസ്റ്റ് 16വരെ നീണ്ടുനിൽക്കുന്ന പതിനെട്ടാമത് ബുഖാരി മജ്ലിസിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗൽഭ പണ്ഡിതന്മാർ ഏഴായിരത്തിൽപരം ഹദീസുകൾ പാരായണം ചെയ്തു വിശദീകരിക്കും. ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് വർക്കല ജാമിഅഃ മന്നാനിയ്യാ ബുഖാരി മജ്ലിസ് ഹാളിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായ ആതിരാംപട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി പതിനെട്ടാമത് ബുഖാരി മജ്ലിസ് ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് അൽഹാജ്ജ് ഒ.അബ്ദുൽ റഹ്മാൻ മൗലവി അധ്യക്ഷത വഹിക്കും.
ജാമിഅ: മന്നാനിയ്യാ ചെയർമാൻ അൽഹാജ്ജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, ജാമിഅ: മന്നാനിയ്യ പ്രിൻസിപ്പൽ സയ്യിദ് മുസ്തഫ ഹസ്രത്ത്, പണ്ഡിതന്മാർ, സാദാത്തുക്കൾ, ഉമറാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ബുഖാരി മജിലിസ് ദിവസവും വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 6.30 മണിക്ക് സമാപിക്കും. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ബുഖാരി മജിലിസിൽ പങ്കെടുക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജാമിഅഃ മന്നാനിയ്യാ ഭാരവാഹികൾ അറിയിച്ചു.
