വർക്കല: കർഷകരെ പ്രോത്സാഹിപ്പിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള “കർഷകസഭയും ഞാറ്റുവേല ചന്തയും” പദ്ധതിയുടെ ഭാഗമായി ചെറുന്നിയൂരിലും വൈവിധ്യമാർന്ന പരിപാടികൾ നടത്തി. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുന്നിയൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശിവകുമാർ കർഷകനും കാർഷിക വികസന സമിതി അംഗവുമായ എം.നിസാറിന് ഫലവൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രജനി അനിൽ അധ്യക്ഷത വഹിച്ചു. ചെറുന്നിയൂർ കൃഷി ഓഫീസർ അശ്വിനി ജെ.എസ് മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ സിനു,രാജേശ്വരി ബാബു, ലത സേനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു, സതി, അരുണിമ, വിജി, സി.ഡി.എസ് ചെയർപേഴ്സൺ സോഫിയ, കൃഷി അസിസ്റ്റൻ്റ് എ.നിഷ, കീടനിയന്ത്രണ വിഭാഗം ഇൻസ്പെക്ടർ ലൗലി പി.രാജ്, കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക വികസന പരിപാടികൾ, കർഷകർക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ കാർഷിക വിള ഇൻഷ്വറൻസ്, കിസാൻ ക്രെഡിറ്റ് പദ്ധതി, കാർഷിക ഉപകരണങ്ങൾ കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന എസ്.എം.എ.എം പദ്ധതി എന്നിവയെക്കുറിച്ച് കർഷകസഭയിൽ കൃഷി ഉദ്യോഗസ്ഥർ കർഷകർക്ക് ബോധവൽക്കരണം നൽകി.
ഞാറ്റുവേല ചന്തയിൽ കർഷകരിൽ നിന്നും സംഭരിച്ച നടീൽ വസ്തുക്കൾ,പച്ചക്കറി- പഴവർഗ്ഗങ്ങൾ, വിത്തുകൾ,വളങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ,പച്ചക്കറി- ഫലവൃക്ഷ തൈകൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും നടന്നു.

