വർക്കല: പരമ്പരാഗത കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പും കർഷക കൂട്ടായ്മയും ലക്ഷ്യമിട്ട് കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള “കർഷകസഭയും ഞാറ്റുവേല ചന്തയും” പരിപാടിയുടെ ഇലകമൺ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സജിനി എൻ.എസ് അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം.നസീമ ബീവി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.സിൻസി ആദ്യവില്പന നിർവഹിച്ചു.
കൃഷി ഓഫീസർ ഹരിഷ്മ എസ്.ജെ സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.അരുൺ, ഷിനി.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനൽ കോവൂർ,സ്മിത വിഷ്ണു, ഇലകമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത്, വർഷ രഞ്ജിത്ത്, പ്രവീൺകുമാർ, എം.സുബൈർ, ഷീല, എസ് ഷാജഹാൻ, ആശാ ഷിബു, പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺ ബിനി.എസ് എന്നിവർ സംസാരിച്ചു.
കാർഷിക വികസന പരിപാടികൾ, കർഷകർക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ കാർഷിക വിള ഇൻഷ്വറൻസ്, കിസാൻ ക്രെഡിറ്റ് പദ്ധതി, കാർഷിക ഉപകരണങ്ങൾ കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന എസ്.എം.എ.എം പദ്ധതി എന്നിവയെക്കുറിച്ച് കർഷകസഭയിൽ കൃഷി ഉദ്യോഗസ്ഥർ കർഷകർക്ക് ബോധവൽക്കരണം നൽകി.
ഞാറ്റുവേല ചന്തയിൽ കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം പച്ചക്കറി പഴവർഗങ്ങൾ, കർഷകരിൽ നിന്നും സംഭരിച്ച പ്ലാവ്, തെങ്ങ്, മാവ്,റംബുട്ടാൻ എന്നിവയുടെ തൈകൾ, അലങ്കാര സസ്യങ്ങൾ, നടീൽ വസ്തുക്കൾ,പച്ചക്കറി- പഴവർഗ്ഗങ്ങളുടെ വിത്തുകൾ,വളങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ വെളിച്ചെണ്ണ,തേൻ, എള്ളുണ്ട,ചമ്മന്തിപ്പൊടി, പലഹാരങ്ങൾ, റെയിൻബോ കോഴിക്കുഞ്ഞുങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും നടത്തി.
ഇലകമൺ കൃഷിഭവനിലെ കൃഷി അസിസ്റ്റൻ്റുമാരായ നിസ, ആതിര, കീടനിയന്ത്രണ വിഭാഗം സ്കൗട്ട് ബീന, ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിഭാഗം മാനേജർ ഷംന, ഇലകമൺ ഗ്രാമപഞ്ചായത്ത് കാർഷിക വികസന സമിതി അംഗങ്ങൾ ജനപ്രതിനിധികൾ പ്രാദേശിക കർഷകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കർഷകർക്കും പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു.
