വർക്കല : മതവിഞാനങ്ങളിലൂടയ ല്ലാതെ മനുഷ്യർക്ക് മനുഷ്യത്വം കൈവരിക്കാൻ സാധ്യമല്ലെന്നും അത് എല്ലാ സാധ്യതകളിലൂടെയും ഉൾകൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ് ഇക്കാലത്തെ മഹാധർമ്മമെന്നും ജാമിഅഃ മന്നാനിയ്യ പ്രൊഫസർ പുലിപ്പാറ എം.സുലൈമാൻ മൗലവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യായിൽ നടക്കുന്ന ബുഖാരി മജ്ലിസിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധമായ വിശ്വാസത്തിന്റെ ആരാധന മുറകളും അംഗ:ശുദ്ധിയും പരാമർശിക്കുന്ന പാഠങ്ങളിൽ പോലും ഇമാം ബുഖാരി(റ) ഈ സന്ദേശങ്ങൾ ഊന്നി പറഞ്ഞിട്ടുള്ളത് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യ നാഗരികതയിൽ അപരിഹാര്യ വിഷയങ്ങളായി നിലനിൽക്കുന്ന എല്ലാ സങ്കീർണ പ്രശ്നങ്ങളുടെയും പരിഹാരം മതമൂല്യങ്ങളിലേക്ക് തിരിച്ചു മടങ്ങുക എന്നത് മാത്രമാണെന്ന് അനുഭവസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. എന്നാൽ മാനവിക സന്ദേശങ്ങളും മഹത്വത്തിന്റെ മഹാ മൂല്യങ്ങളും പഠിപ്പിക്കുമ്പോൾ പോലും മനുഷ്യർക്ക് ഉൾകൊള്ളാൻ കഴിയുന്ന വിധം വിനയമായും ലളിതമായും വേണം അത് നടത്തുവാനെന്ന് തിരുഹദീസ് ഉദ്ധരിച്ച്കൊണ്ട് പ്രൊഫ.പുലിപ്പാറ എം. സുലൈമാൻ മൗലവി കൂട്ടിച്ചേർത്തു.
ബുഖാരി മജ്ലിസിന്റെ അഞ്ചാം ദിവസമായ ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബുഖാരി ഹാളിൽ ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ.പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി പ്രഭാഷണം നടത്തും.
