വർക്കല: കാർഷികവികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന “ഞാറ്റുവേല ചന്തയും കർഷക സഭയും” പരിപാടിയുടെ വർക്കല ബ്ലോക്ക്തല ഉദ്ഘാടനം വടശ്ശേരിക്കോണം- ആലുംമൂട് വി.എഫ്.പി.ഒ കേദാരം ഔട്ട്ലൈറ്റിൽ നടന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൻസി അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം.നസീമാബീവി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എമിലി സദാശിവൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കെ ആസാദ്,സനൽ കോവൂർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഫ്സൽ, കൃഷി ഓഫീസർമാരായ ലക്ഷ്മി എസ്.ജെ (ചെമ്മരുതി),അശ്വിനി ജെ.എസ് (ചെറുന്നിയൂർ), ശ്രീലേഖ.എസ് (വർക്കല നഗരസഭ), ജാസ്മി.വൈ (ഒറ്റൂർ), അനശ്വര ആർ.എസ് (ഇടവ), അപർണ (മണമ്പൂർ), ഹരിഷ്മ എസ്.ജെ (ഇലകമൺ), ധന്യ.ജി (വെട്ടൂർ) എന്നിവർ സംസാരിച്ചു.
കർഷകരെ പ്രോത്സാഹിപ്പിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുക, സർക്കാർ പദ്ധതികളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സബ്സിഡികൾ, ധനസഹായ പദ്ധതികൾ, കാർഷിക വികസന പരിപാടികൾ, കർഷകർക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, കാർഷിക വിള ഇൻഷ്വറൻസ് എന്നിവയെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും കർഷകസഭയിൽ കൃഷി ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉത്പാദിപ്പിച്ച വിവിധ കാർഷിക ഉത്പന്നങ്ങളുടെയും ഉൽപാദന ഉപാധികളുടെയും വിപണനം നടത്തി. “ആത്മ” തിരുവനന്തപുരവും കൃഷി വകുപ്പും തേനീച്ച കർഷകർക്കായി നടത്തുന്ന കാര്യശേഷി വികസന പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ക്ലാസ്സ് എസ്.സിംജ നയിച്ചു.
കർഷകരിൽ നിന്നും സംഭരിച്ച നടീൽ വസ്തുക്കൾ, പച്ചക്കറി-പഴ വർഗ്ഗങ്ങൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ,വളങ്ങൾ തുടങ്ങിയവയുടെ വിപണനവും, മണ്ണിൻ്റെ പോഷക ഘടനയും കൃഷിക്കാവശ്യമായ വളപ്രയോഗവും ശാസ്ത്രീയമായി നിർണയിക്കാൻ സഹായിക്കുന്ന സോയിൽ ഹെൽത്ത് കാർഡുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. കർഷകർ, വർക്കല ബ്ലോക്കിന് കീഴിലുള്ള 8 കൃഷിഭവനുകളിലെയും ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ, വർക്കല ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (വി.എഫ്.പി.ഒ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അഗ്രോ സർവീസ് സെൻ്റർ അംഗങ്ങൾ,കർഷക കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.


