തിരുവനന്തപുരം : ശംഖുംമുഖം കടപ്പുറത്ത് മേജർ ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന കോൺക്രീറ്റ് ഗാലറി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിന് തടസ്സമെന്ന് പരാതി. ആറാട്ടുമണ്ഡപത്തിന് മുൻപിൽ ഗാലറിയുടെ ആറുമീറ്റർ ഭാഗം ഇടിച്ചുമാറ്റണമെന്ന് ക്ഷേത്രഭരണസമിതി അംഗം കരമന ജയൻ ആവശ്യപ്പെട്ടു.
ശംഖുംമുഖത്തെ ആറാട്ടുമണ്ഡപത്തിൽനിന്ന് ആറാട്ടുകടവിലേക്കുള്ള പരമ്പരാഗത പാതയിലാണ് പടുകൂറ്റൻ പടിക്കെട്ട് നിർമിക്കുന്നത്. 14 കോടി ചെലവിൽ നിർമിക്കുന്ന 355 മീറ്റർ നീളമുള്ള ഗാലറിയിൽ 8000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. ഇതിന്റെ 160 മീറ്ററോളം പൂർത്തിയായി. ആറാട്ടുമണ്ഡപത്തിൽ ഇറക്കുന്ന ഗരുഡവാഹനത്തിൽനിന്ന് ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണൽത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്നതിന് പടിക്കെട്ടിനെ ചുറ്റിവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നൂറ്റാണ്ടുകളായുള്ള എഴുന്നള്ളത്തു പാതയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്.
മണൽത്തിട്ടയിൽ എഴുന്നള്ളിച്ചിരുത്തുന്ന ശ്രീപദ്മനാഭനും ആറാട്ടുമണ്ഡപത്തിലെ ഗരുഡവാഹനത്തിനും അഭിമുഖമായാണ് തന്ത്രിയിരുന്ന് പൂജ കഴിക്കുന്നത്. പടിക്കെട്ട് വന്നതോടുകൂടി ദേവനും ദേവവാഹനത്തിനും ഇടയിൽ ഒരു വന്മതിലുണ്ടാകും. പൂജയ്ക്കിരിക്കുന്ന തന്ത്രിക്ക് ഇനിമുതൽ ഗരുഡവാഹനം കാണാൻ സാധിക്കാത്ത അവസ്ഥ വരുമെന്നാണ് പരാതി.
പടിക്കെട്ടിന്റെ നിർമാണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, എക്സി. ഓഫീസർ ഇൻ ചാർജ് ശ്രീഹരി എന്നിവർ ശംഖുമുഖം ആറാട്ടുകടവ് സന്ദർശിച്ചു. നൂറ്റാണ്ടുകളായുള്ള എഴുന്നള്ളത്തുപാതയ്ക്കും ചടങ്ങിനും വരുന്ന ഈ മാറ്റം അംഗീകരിക്കാൻ സാധ്യമല്ലന്ന് കരമന ജയൻ അറിയിച്ചു. പടിക്കെട്ടിൽനിന്ന് ആറുമീറ്റർ ഭാഗം ഇടിച്ചുമാറ്റി പൗരാണികമായി നടക്കുന്ന ആചാരങ്ങൾക്കുണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതരെ വിളിച്ചുവരുത്തി അദ്ദേഹം നേരിട്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
