പാറശ്ശാല : പാറശ്ശാലയിൽ റോഡും നടപ്പാതയും കൈയേറിയിട്ടും നടപടി സ്വീകരിക്കുവാൻ തയ്യാറാകാതെ അധികൃതർ. നടപ്പാത അവകാശമായി പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ അധികൃതർ തയ്യാറാകാത്തതാണ് ദിനംപ്രതി കൈയേറ്റങ്ങൾ വർദ്ധിക്കാൻ കാരണം.
പാറശ്ശാല ഗ്രാമപ്പഞ്ചായത്ത് മേഖലകളിൽ പ്രധാന റോഡുകളിലൊന്നും നടപ്പാതകളിൽ കൂടിയുള്ള സഞ്ചാരം സാധ്യമല്ലാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഓഫീസുള്ള പുത്തൻകടയിൽ ചന്തസമയം കഴിഞ്ഞാൽ മത്സ്യവിൽപ്പന നടപ്പാതയും റോഡും കൈയേറിയാണ്. രണ്ട് വർഷം മുമ്പ് പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ പോലീസ് അനധികൃത മത്സ്യവിൽപ്പന തടഞ്ഞെങ്കിലും പുനരാരംഭിച്ചു.
പുത്തൻകട പോസ്റ്റ് ഓഫീസ് റോഡിൽ സുരക്ഷാവേലിയടക്കമുള്ള നടപ്പാതയുണ്ടെങ്കിലും ഇതും അനധികൃത കച്ചവടക്കാർ കൈയേറിയ നിലയിലാണ്. മദ്യ വിൽപ്പന കേന്ദ്രത്തിന് മുന്നിൽ ഇരുവശത്തെയും നടപ്പാതയും റോഡും കൈയേറിയതോടെ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങേണ്ടിവരുന്നു. എന്നാൽ റോഡിന്റെ അരികുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം കാൽനട യാത്രക്കാർക്ക് റോഡിന് നടുവിൽക്കൂടി സഞ്ചരിക്കണം.
കരമന-കളിയിക്കാവിള പാതയിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ നടപ്പാത കൈയേറ്റമുള്ളത്.
കാരാളി മുതൽ പോസ്റ്റ് ഓഫീസ് കവലവരെ കാൽനടയാത്രക്കാർക്ക് റോഡ് തന്നെയാണ് ശരണം.
ഒട്ടേറെ വിദ്യാർഥികൾ കടന്നുപോകുന്ന ഈ ഭാഗത്ത് അനധികൃത തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളും റോഡും നടപ്പാതയും കൈയ്യടക്കിയ നിലയിലാണ്. ആശുപത്രി കവല മുതൽ പവതിയാൻവിള വരെ മത്സ്യവിൽപ്പനയാണ്. റോഡും നടപ്പാതയും രാവിലെ മുതൽ രാത്രി വരെ തമിഴ്നാട്ടിൽ നിന്നുള്ള അനധികൃത കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സിലേക്ക് മത്സ്യമാലിന്യങ്ങൾ ഒഴുക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. കരമന-കളിയിക്കാവിള പാതയിൽ കൊറ്റാമത്ത് റോഡ് കൈയേറി വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂര സ്ഥാപിച്ചിട്ടും പഞ്ചായത്ത് അധികൃതർക്ക് അനക്കമില്ല.
കരമന-കളിയിക്കാവിള പാതയിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്ന സ്ഥലത്താണ് നടപ്പാതയും റോഡും കൈയേറിയിട്ടുള്ളത്.
വലിയ വാഹനങ്ങൾ വേഗത്തിലെത്തുമ്പോൾ ചെറിയ വാഹനങ്ങൾക്ക് റോഡരികിലേക്ക് ഒതുക്കുവാൻ പോലും സാധിക്കാത്ത നിലയിലാണ് കൊറ്റാമത്തെ കൈയേറ്റം. അതിർത്തിപ്രദേശത്ത് എല്ലാ പരിധികളും ലംഘിച്ച് നടപ്പാതയും റോഡും കൈയേറിയിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.
നടപ്പാത അവകാശം നടപ്പിലാക്കാത്ത പഞ്ചായത്ത് അധികൃതർക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുവാനുള്ള നീക്കത്തിലാണ് പാറശ്ശാല കേന്ദ്രീകരിച്ചുള്ള വയോജന വാട്സാപ്പ് കൂട്ടായ്മ.
