ആറ്റിങ്ങൽ : വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന മുനിസിപ്പൽ ക്വാർട്ടേഴ്സിലെ കെട്ടിടങ്ങൾ കാടുകയറിയും പൊളിഞ്ഞുവീണും നശിക്കുന്നു. ചില കെട്ടിടങ്ങൾ സ്വകാര്യവ്യക്തികൾ കൈയേറി അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് ഇങ്ങനെ അനാഥമായി കിടക്കുന്നത്.
വലിയകുന്നിനുസമീപം രണ്ടേക്കറോളംവരുന്ന ഭൂമിയിലാണ് മുനിസിപ്പൽ ക്വാർട്ടേഴ്സ് നിർമിച്ചിട്ടുള്ളത്. 60 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ ക്വാർട്ടേഴ്സ്. നഗരസഭയിലെ ശുചീകരണവിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് താമസിക്കാനായി നിർമിച്ചവയാണിവ. വെട്ടുകല്ലുകൊണ്ട് ചുമര് നിർമിച്ച് പൂശി ഓടിട്ട മേൽക്കൂരയോടുകൂടിയവയാണ് ക്വാർട്ടേഴ്സ്. ചെറിയ വരാന്തയും കിടപ്പുമുറിയും അടുക്കളയും ഓരോ ക്വാർട്ടേഴ്സിലുമുണ്ട്.
ഒരുകാലത്ത് ഈ ക്വാർട്ടേഴ്സുകളിലെല്ലാം താമസക്കാരുണ്ടായിരുന്നു. ചിലർ കുടുംബത്തോടൊപ്പമാണ് ഈ ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നത്.
ഇവിടെ താമസിച്ചിരുന്ന തൊഴിലാളികൾ സ്വന്തമായി ഭൂമിവാങ്ങി വീടുവെച്ച് താമസമാരംഭിച്ചതോടെ ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞു. 30 വർഷമായി ഈ ക്വാർട്ടേഴ്സുകളിൽ ആൾപ്പാർപ്പില്ല. മറ്റൊരാവശ്യത്തിനും ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിട്ടുമില്ല. അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിനോ കെട്ടിടങ്ങൾ ഏതെങ്കിലും പദ്ധതികൾക്കായി ഉപയോഗിക്കുന്നതിനോ നഗരസഭാധികൃതർ ശ്രദ്ധിച്ചില്ല.
ഇവിടത്തെ പല കെട്ടിടങ്ങൾക്കും ഇപ്പോൾ മേൽക്കൂരയില്ല. മരങ്ങൾ മറിഞ്ഞുവീണാണ് പല കെട്ടിടങ്ങളും തകർന്നത്. മേൽക്കൂരയ്ക്കുമുകളിൽ വീണുകിടക്കുന്ന മരച്ചില്ലകൾ നീക്കംചെയ്യാൻപോലും അധികൃതർ തയ്യാറായിട്ടില്ല. വാതിലുകളും ജനാലകളും സമൂഹവിരുദ്ധർ ഇളക്കിക്കൊണ്ടുപോയി.
മുനിസിപ്പൽ ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്ന ഭൂമിയിൽ പലയിടത്തായി പിന്നീട് നഗരസഭയുടെ വൃദ്ധസദനവും അങ്കണവാടിയും വനിതാ ഹോസ്റ്റലും നിർമിച്ചു. ഇവയിൽ അങ്കണവാടിമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ക്വാർട്ടേഴ്സിലെ കെട്ടിടങ്ങളിൽ ചിലത് ഇപ്പോൾ സ്വകാര്യവ്യക്തി വിറക് സൂക്ഷിക്കാനുള്ള ഇടമായി ഉപയോഗിക്കുന്നുണ്ട്. ഈ ഭൂമിയിൽ ഷെഡ് നിർമിച്ച് വാഹനങ്ങളും സൂക്ഷിക്കുന്നു. ഇടക്കാലത്ത് തൊഴിലുറപ്പുതൊഴിലാളികൾ ഭൂമി വൃത്തിയാക്കി മരച്ചീനിയും ചേനയും ചേമ്പുമൊക്കെ കൃഷിചെയ്തിരുന്നു. എന്നാൽ, പിന്നീട് അതും നിലച്ചു.
പഠനത്തിനും ജോലിക്കുമായി മറ്റു ജില്ലകളിൽനിന്ന് ആറ്റിങ്ങലിൽ വന്ന് താമസിക്കുന്ന ധാരാളംപേരുണ്ട്. ഇവരിൽ പലരും പാർപ്പിടം കിട്ടാതെ വിഷമിക്കുന്നവരാണ്. മുനിസിപ്പൽ ഓഫീസിലെ ജീവനക്കാർപോലും സ്വകാര്യ കെട്ടിടങ്ങളിൽ വാടകയ്ക്കു താമസിക്കുന്നുണ്ട്.
ഈ ഭൂമിയിൽ ഒരു പാർപ്പിടസമുച്ചയം ഒരുക്കിയാൽ ഒരുപാടാളുകൾക്ക് സഹായമാകും. ഐ.ടി.നഗരവുമായി ബന്ധിപ്പിച്ച് ഏതെങ്കിലും പദ്ധതികൾ ആരംഭിച്ചാൽ ധാരാളംപേർക്ക് തൊഴിൽനല്കാനുള്ള ഇടമായും ഇത് മാറുമായിരുന്നു. ഇവിടെ ബഹുനിലമന്ദിരം നിർമിച്ച് സ്ത്രീശാക്തീകരണപരിപാടികൾ നടത്തുമെന്ന് 2024-25 വർഷത്തെ നഗരസഭാ ബജറ്റിൽ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
