തിരുവനന്തപുരം : ഭക്തിയും പ്രൗഢിയും ഒന്നിച്ച ദേവാലയമന്ദിരത്തിൽ, യാക്കോബായ സുറിയാനി സഭയുടെ പുതുതായി രൂപവത്കരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് സ്ഥാനമേറ്റു.
സെയ്ന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ നടന്ന സുന്ത്രോണീസോ (സ്ഥാനാരോഹണ) ശുശ്രൂഷയ്ക്ക് കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമികനായി.മുളന്തുരുത്തി എം.എസ്.ഒ.ടി. വൈദികസെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനുമാണ് സ്ഥാനമേറ്റ കുര്യാക്കോസ് മോർ തെയോഫിലോസ്.
പ്രാർത്ഥനയ്ക്കും വേദവായനയ്ക്കുമൊപ്പം തുടങ്ങിയ ചടങ്ങ് ഒരു മണിക്കൂറോളം നീണ്ടു. സ്ഥാനമേറ്റ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയെ സിംഹാസനത്തിലിരുത്തി മൂന്നുവട്ടം ഉയർത്തി. സ്ഥാനത്തിനു യോഗ്യനെന്ന് അർത്ഥമുള്ള ‘ഓക്സിയോസ്’ എന്ന് മൂന്ന് പ്രാവശ്യം പ്രധാനകാർമികൻ ചൊല്ലുകയും വിശ്വാസികൾ ഏറ്റുപറയുകയും ചെയ്തു.
മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ്, തൃശ്ശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ്, മൂവാറ്റുപുഴ മേഖലാധിപൻ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് എന്നിവരായിരുന്നു സഹകാർമികർ. സ്ഥാനാരോഹണശുശ്രൂഷയ്ക്കുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തീഡ്രലിൽ എത്തി ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന സ്വീകരണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ എ.പി. അനിൽകുമാർ, സി.പി. ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, സണ്ണി ജോസഫ്, കെ. മുരളീധരൻ, എം. ലിജു, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ടി. സിദ്ദിക്ക്, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, ബെന്നി ബെഹനാൻ എം.പി, എം.എൽ.എ.മാർ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ്, ബിഷപ്പുമാരായ ഡോ. യൂഹാനോൻ മാർ അലക്സിയോസ്, ഡോ. ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ സിൽവാനോസ് തുടങ്ങിയവർ പങ്കെടുത്തു.വർഷങ്ങളായി തുടരുന്ന യാക്കോബായ-ഓർത്തഡോക്സ് സഭാതർക്കം പരിഹരിക്കണമെന്നത് തന്റെ സ്വപ്നമാണെന്നും അതിനുള്ള എല്ലാ ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആർക്കും അഭിമാനക്ഷതം ഉണ്ടാകാത്തവിധം പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹം.
മെത്രാപ്പോലീത്താപദവി അധികാരമല്ല, മറിച്ച് സേവനമാണെന്നും ക്രിസ്തുവിന്റെ ഇഷ്ടം ചെയ്യുകയാണ് അദ്ദേഹത്തിന്റെ ദൗത്യമെന്നും മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മെത്രാപ്പോലീത്ത പ്രസംഗിക്കാൻ മാത്രമല്ല കേൾക്കാനും തയ്യാറാകണം. സഭകൾ മാത്രമല്ല എല്ലാ ദൈവവിശ്വാസികളും ഒരുമിച്ചുനീങ്ങേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
