നഗരൂർ : നന്ദായ്വനം പുളിനിൽക്കുന്നതിൽ ചിറയിൽ റോഡുനിരപ്പിനൊപ്പം വെള്ളം നിറഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. റോഡും ചിറയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. കുളത്തിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്ത് വെള്ളം കരകവിഞ്ഞ് റോഡിലേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. പ്രദേശം പരിചയമില്ലാത്തവർ വാഹനങ്ങളുമായെത്തിയാൽ അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മാവേലിക്കോണം ഏലായിലെ നെൽക്കൃഷിക്ക് ജലസേചനം ഒരുക്കാൻ നിർമിച്ച കുളങ്ങളിലൊന്നാണ് പുളിനിൽക്കുന്നതിൽ ചിറ. വേനൽക്കാലത്ത് പാടങ്ങളിൽ വെള്ളം ആവശ്യമായി വന്നാൽ കുളത്തിൽനിന്ന് വെള്ളംതേകി തോട്ടിലിറക്കി വയലുകളിലേക്കെത്തിച്ചിരുന്നു.
ഇതിനായി കുളത്തിന്റെ വടക്കുഭാഗത്തും കിഴക്കേ അറ്റത്തുനിന്ന് വടക്കോട്ടും തോടുണ്ടായിരുന്നു. വടക്കുഭാഗത്തെ തോട് നികത്തി കുളത്തിന്റെ ബണ്ടുംകൂടി ചേർത്ത് അംബുങ്ങൽ ഭാഗത്തേക്ക് റോഡ് നിർമിച്ചു.
കുളം കുഴിച്ചെടുത്തപ്പോൾ ലഭിച്ച മണൽനിറഞ്ഞ മണ്ണുകൊണ്ടാണ് ബണ്ട് നിർമിച്ചത്. കുളത്തിന് കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തി നിർമിച്ചിരുന്നു. എന്നാലിത് പലഭാഗത്തും പൊളിഞ്ഞുപോയിട്ടുണ്ട്. മാത്രമല്ല കല്ലുകൾ അടുക്കി നിർമിച്ച ഭിത്തിയായതിനാൽ വെള്ളം മണ്ണിലേക്കൊഴുകുന്നുണ്ട്. കുളത്തിൽ വെള്ളം നിറഞ്ഞാൽ ബണ്ടിലെ മണ്ണ് ദുർബലമാകും. ഭാരമുള്ള വാഹനങ്ങൾ കടന്നുപോയാൽ ബണ്ട് ഇടിയാൻ സാധ്യതയുണ്ട്.
ഒരുവർഷം മുൻപ് കുളം നിറഞ്ഞപ്പോൾ റോഡിലൂടെ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ കുളത്തിനുള്ളിലേക്ക് മറിഞ്ഞിരുന്നു. സമീപത്ത് ആളുകളുണ്ടായിരുന്നതിനാൽ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാരെയും ഡ്രൈവറെയും പരിക്കുകളില്ലാതെ കരയ്ക്കെത്തിച്ചു.
കുളത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ വടക്കുകിഴക്കുഭാഗത്ത് ഓവുചാൽ ഒരുക്കി വടക്കുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഈ ഓവുചാൽ മൂടിപ്പോയി. അതോടെ കുളത്തിലെ വെള്ളം നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലാതായി. പടിഞ്ഞാറുഭാഗത്തെ കാവിനുള്ളിലേക്കും റോഡിലേക്കും വെള്ളം കരകവിഞ്ഞൊഴുകുകയാണിപ്പോൾ.
കുളത്തിന്റെ ബണ്ട് ഇടിഞ്ഞാൽ വലിയ വെള്ളപ്പാച്ചിലുണ്ടാകും. ഏലായിൽ നെൽക്കൃഷിക്കുപുറമേ വാഴ, മരച്ചീനി എന്നിവയും കൃഷിചെയ്തിട്ടുണ്ട്. ബണ്ട് ഇടിഞ്ഞാൽ കൃഷി മുഴുവനും നശിക്കും. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. ഗ്രാമപ്പഞ്ചായത്ത് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് കുളത്തിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സംവിധാനങ്ങളുണ്ടാക്കണമെന്ന് ആവശ്യമുയർന്നു.
