47 വർഷത്തെ അബൂദാബി ജീവിതം പിന്നിട്ട് നാട്ടിലെത്തിയ സുഹൃത്തുക്കൾ ഒരുമിച്ചു വർഷങ്ങളായി. ജീവിതം മുന്നോട്ടു പോകുമ്പോഴും അബൂദാബിയിലെ ആ പഴയ കാലവും അവിടുത്തെ സൗഹൃദങ്ങളും മനസ്സിന്റെ ഏതോ കോണിൽ അങ്ങനെ തന്നെ കിടപ്പുണ്ടായിരുന്നു.
കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു.
ചിലർ എന്നെന്നേക്കുമായി വിട്ടുപോയി. ചിലരുടെ മുടി കൂടുതൽ നരച്ചു. ചിലരുടെ നടത്തത്തിന് വേഗം കുറഞ്ഞു. ചിലർ രോഗത്തിന്റെ കൂട്ടുകാരായി. പക്ഷേ, മനസ്സിൽ സൂക്ഷിച്ചിരുന്ന സൗഹൃദങ്ങൾക്ക് മാത്രം പ്രായം കൂടിയിരുന്നില്ല.
വീണ്ടും അവരിൽ പലരെയും ഒരുമിച്ച് കാണാൻ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു
തിരുവനന്തപുരത്ത് XADMS ഹോട്ടൽ സൗത്ത് പാർക്കിൽ സംഘടിപ്പിച്ച രണ്ടാമത് കുടുംബ സംഗമം ഒരു സാധാരണ സംഗമമായിരുന്നില്ല . അത് വർഷങ്ങൾക്കപ്പുറത്തേക്ക് തുറന്നുവെച്ച ഒരു പഴയ വാതിലായിരുന്നു. അതിലൂടെ കടന്നപ്പോൾ മുന്നിൽ കണ്ടത് അബൂദാബിയിലെ പഴയ നാളുകളും, പഴയ മുഖങ്ങളും, പഴയ ചിരികളുമായിരുന്നു.
98 വയസ്സിന്റെ പ്രായത്തിലും ഇക്ബാൽ സാഹിബ് അവിടെയുണ്ടായിരുന്നു.
82 വയസ്സും രോഗാതുരമായ ശരീരവുമായി കണിയാപുരം സൈനുദ്ദീനും എത്തി.
അങ്ങനെ എത്തിയവരിൽ ഭൂരിഭാഗവും എഴുപത് പിന്നിട്ടവർ.
ഒരിക്കൽ നമ്മോടൊപ്പം ഓടിനടന്നവർ. ജീവിതത്തിന്റെ നല്ലകാലങ്ങളിൽ പരസ്പരം താങ്ങായവർ. ഇന്ന് ഓരോരുത്തരും കാലത്തിന്റെ അടയാളങ്ങൾ ശരീരത്തിൽ വഹിച്ചുകൊണ്ടാണ് അവിടെ എത്തിയത്.
പക്ഷേ, കണ്ടുമുട്ടിയ നിമിഷത്തിൽ പ്രായവും രോഗവും ദൂരവും ഒന്നും പ്രസക്തമായിരുന്നില്ല
“എത്ര കാലമായി കണ്ടിട്ട് എന്ന ഒരു വാക്ക് മതി, അഞ്ചു വർഷത്തെ അകലം അലിഞ്ഞുപോകാൻ.
കൈപിടിച്ച് സംസാരിക്കുമ്പോഴും പഴയ കാര്യങ്ങൾ പറഞ്ഞ് ചിരിക്കുമ്പോഴും മനസ്സിൽ അറിയാതെ ഒരു വേദനയും സന്തോഷവും ഒരുമിച്ചു നിറഞ്ഞു.
ഇത്രയും വർഷങ്ങൾക്കു ശേഷം വീണ്ടും ഇവരെ കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം…
ഇനി ഒരിക്കൽ കൂടി ഇവരെയൊക്കെ ഒരുമിച്ച് കാണാൻ കഴിയുമോ എന്നൊരു നിശ്ശബ്ദമായ ആശങ്കയും.
15 അംഗ സംഘാടക സമിതിയുടെ ശ്രമം കൊണ്ടാണ് പലർക്കും നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന സൗഹൃദങ്ങൾ വീണ്ടും കൈയിലെത്തിയത്





