ആറ്റിങ്ങൽ: എൽ.ഐ.സി ഓഫീസിന് സമീപം രവിവർമ്മ ലൈൻ റോഡിലാണ് വലിയ തോതിൽ കോഴി വേസ്റ്റും അറവ് മാലിന്യവും സമൂഹ്യ വിരുദ്ധർ തള്ളിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്ഥലത്തെത്തുകയും മുനിസിപ്പൽ ഹെൽത്ത് സ്ക്വാഡിനോട് പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വീപ്പകളിലും ചാക്കു കെട്ടുകളിലുമായി കടുത്ത ദുർഗന്ധം വമിക്കുന്ന നിലയിലാണ് മാലിന്യ കൂമ്പാരം കണ്ടെത്തിയത്. ഇതിൽ നിന്ന് ലഭിച്ച ചില വ്യാപാരശാലകളുടെ ബില്ലുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ജില്ലക്ക് അകത്തും പുറത്തും നിരവധി കടകളിലും ഇറച്ചിവെട്ടു ശാലകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന സംഘത്തെക്കുറിച്ച് മനസിലാക്കാൻ സാധിച്ചു. തിരുവനന്തപുരം പടിഞ്ഞാറേ കോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കോഴി വേസ്റ്റിനോപ്പം കാക്കയുടെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയതും ഏറെ ആശങ്ക ഉളവാക്കുന്നു. അതിനാൽ വിശദമായ പരിശോധനക്ക് രേഖകളടക്കം കിട്ടിയ വിവരങ്ങൾ ആറ്റിങ്ങൽ പോലീസിന് കൈമാറി. റോഡിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ കൃത്യം ചെയ്ത സാമൂഹ്യ വിരുദ്ധരെയും ഇവർ ഉപയോഗിച്ച വാഹനവും കണ്ടെത്തി കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. സമൂഹം ഒന്നടങ്കം മഹാമാരിയുടെ ചുഴിയിൽപ്പെട്ടുലയുമ്പോൾ ഇത്തരം സാമൂഹിക വിരുദ്ധർ ആരോഗ്യ മേഖലക്ക് തികച്ചും വെല്ലുവിളി ഉയർത്തുകയാണെന്ന് ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ ശുചീകരണ വിഭാഗം മാലിന്യം നീക്കം ചെയ്ത് റോഡും പരിസരവും അണുവിമുക്തമാക്കി.
മുനിസിപ്പൽ ഹെൽത്ത് സ്ക്വാഡ് ജൂനിയർ ഇൻസ്പെക്ടർ എ.അഭിനന്ദ്, പോലീസ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, കോൺസ്റ്റബിൾ ഇന്ദ്രജിത്ത് തുടങ്ങിയവർക്കാണ് അന്വേഷണ ചുമതല
.

