ആറ്റിങ്ങൽ: നഗരസഭ 19, 20, 21, 23, 25 വാർഡുകളെ സംയോജിപ്പിച്ച് നടത്തിയ സെന്റിനിയൽ സർവ്വെയിൽ 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ നടത്തിയ 79 ടെസ്റ്റുകളിൽ 44 ആർ.റ്റി.പി.സി.ആറും, 35 ആന്റിജൻ പരിശോധനയും നടത്തി. രോഗം സ്ഥിരീകരിച്ച 2 പേരും കിഴുവിലം പഞ്ചായത്ത് പരിധിയിലെ താമസക്കാരാണ്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
പരിശോധനക്ക് വിധേയരാവാൻ നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും വളരെ വൈമുഖ്യം കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരക്കാർ അവർ അറിയാതെ തന്നെ രോഗ വാഹകരാവുകയാണ്. പട്ടണത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് വ്യാപകമായി നഗരസഭ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
രാമച്ചംവിള എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിശോധനാ ക്യാമ്പിൽ ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള കൗൺസിലർമാരായ എസ്.സുഖിൽ, വി.മുരളീധരൻ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്.മഞ്ചു, ആശവർക്കർ ലേഖ, വിജയറാണി, സുജികുമാരി തുടങ്ങിയവർ നേതൃത്വം വഹിച്ചു. നഗരസഭ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കി
