കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ ചാവടി വാർഡിലെ കാവുവിളയിലെ ജനവാസ മേഖലയിലെ പുരയിടത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നതായി പരാതി. പ്രദേശവാസികളാണ് പരാതിയുമായി ഗ്രാമപഞ്ചായത്ത് അധികൃതരെയും വെള്ളറട പോലീസിനെയും സമീപിച്ചിരിക്കുന്നത്. കാവുവിളയിലെ അമ്മവീട് എന്ന പുരയിടത്തിലാണ് അനധികൃതമായി മാലിന്യ നിക്ഷേപവും സംസ്കരണവും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുള്ളത്. ടൺ കണക്കിന് മാലിന്യവും മൃഗാവശിഷ്ടങ്ങളും ഇവിടെ എത്തിക്കുന്നതായി പരാതിയിൽ പറയുന്നു. രാപകൽ വ്യത്യാസമില്ലാതെ പലയിടങ്ങളിൽ നിന്നും ട്രക്കുകളിൽ ഇവിടെ മാലിന്യം എത്തിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ഉൾപ്പെടെ കത്തിക്കുകയും ചെയ്യുന്നു. ജെ സി ബി ഉപയോഗിച്ച് മാലിന്യങ്ങൾ കുഴിച്ചുമൂടിയ നിലയിലും കൂട്ടിയിട്ടിരിക്കുന്നതും കാണാം.മുൻപ് ടാർ മിക്സിംഗ് പ്ലാൻ്റ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നത് നാട്ടുകാരുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടിരുന്നു. തുടർന്ന് പന്നിവളർത്തലും നടത്തിയിരുന്നു. അപ്പോഴും മൃഗാവശിഷ്ടങ്ങൾ വീടുകളിലും കിണറുകളിലും പക്ഷികൾ ഇവിടെ നിന്ന് കൊത്തിയെടുത്തിടുക പതിവായിരുന്നു. ഇപ്പോൾ നായ്ക്കൾ മാലിന്യ നിക്ഷേപം നടത്തുന്നിടത്ത് കൂട്ടമായി എത്തുന്നത് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. ദുർഗന്ധം മൂലം പുറത്തിറക്കാനാകാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.കൃഷിയുടെയും മീൻ വളർത്തലിൻ്റെയും മറവിലാണ് പുരയിടത്തിൽ ഇത്തരം മാലിന്യ നിക്ഷേപം നടത്തുന്നത്. പാലിയേറ്റീവ് കെയർ രോഗികൾ ഉൾപ്പെടെ പരിസരത്ത് താമസിക്കുന്നതിനാൽ പകർച്ചവ്യാധിക്ക് കാരണമാകുന്ന മാലിന്യ നിക്ഷേപം തടയണമെന്ന് നാട്ടുകാർ പരാതിയിൽ ആവശ്യപ്പെടുന്നു.
