ആറ്റിങ്ങൽ: നഗരസഭ ആരംഭിച്ച കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ നിന്നും 1548 പേർക്ക് ചികിൽസ ലഭ്യമാക്കി. പട്ടണത്തിൽ കൊവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചപ്പോൾ രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിന്റെ ഭാഗമായി സി.എഫ്.എൽ.റ്റി.സി സെന്ററുകൾ നഗരസഭ ആരോഗ്യ വിഭാഗം ആരംഭിച്ചത്. ഏപ്രിൽ 28 ന് സി.എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യത്തെ ചികിൽസാ കേന്ദ്രം തുറന്നു. നഗരത്തിലും സമീപ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് മെയ് 14 ന് ശ്രീപാദം സ്പോർഴ്സ് ഹോസ്റ്റലിൽ രണ്ടാമത്തെ ചികിൽസാ കേന്ദ്രവും നഗരസഭ സജ്ജമാക്കി. പട്ടണത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടപ്പിലാക്കിയ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മധ്യത്തോടെ പ്രതിദിന രോഗികളുടെ എണ്ണം നീയന്ത്രണാധീതമാക്കാൻ സാധിച്ചു. ജൂലൈ 3 വരെ പ്രവർത്തിച്ച ശ്രീപാദം സ്റ്റേഡിയത്തിലെ ചികിൽസാ കേന്ദ്രത്തിൽ 314 പേർക്ക് ചികിൽസ ലഭ്യമാക്കാനും സാധിച്ചു. ഇതിൽ 66 പേർ നഗരസഭാ പരിധിയിൽ ഉള്ളവരും 248 പേർ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവരും ആയിരുന്നു. നിലവിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി.എസ്.ഐ സ്കൂളിലെ സി.എഫ്.എൽ.റ്റി.സി യിൽ നാളിതുവരെ 1183 പേർ ചികിൽസ നേടി സുഖം പ്രാപിച്ചു. 51 പേർ ഇവിടെ ചികിൽസയിൽ കഴിയുന്നു. ഇതിൽ 234 പേർ നഗരവാസികളും 1000 പേർ മറ്റ് പഞ്ചായത്ത് നിവാസികളും ആണ്. പ്രതിദിനം ഈ രണ്ട് ചികിൽസാ കേന്ദ്രങ്ങളിലുമായി 275 പേർക്ക് രോഗ പരിചരണം ലഭ്യമാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യം വർദ്ധിക്കുന്നവരിൽ കൃത്യതയോടെയുള്ള നിരീക്ഷണ പരിശോധനകൾ നടപ്പിലാക്കുകയും ഇവരെ വിദഗ്ദ്ധ ചികിൽസ ലഭിക്കുന്ന കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ ഇടപെടലുകൾ കൂടുതൽ ജീവനുകൾ രക്ഷിക്കാനും സാധിച്ചു. കൂടാതെ ഈ കേന്ദ്രങ്ങളിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള ഭക്ഷണം, ചികിൽസ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ നഗരസഭ ഒരു വിട്ടുവീഴ്ചയും കൂടാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
