പെരുമാതുറ: കിംസ് ഹെൽത്തും – പെരുമാതുറ സ്നേഹതീരവും സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യ – വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ടാബ് ലറ്റുകൾ വിതരണം ചെയ്തു. ടാബ്ലറ്റുകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന് വിധി വരുന്നമുറക്ക് സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി. ശിവൻകുട്ടി പറഞ്ഞു.ഓൺലൈൻ പഠനത്തിനാവശ്യമായ നൽകുന്ന മൊബൈൽഫോണുകൾ അടക്കമുള്ളവ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യരുത്.ഓൺലൈൻ ചതിക്കുഴികളിൽ വിദ്യാർത്ഥികൾ വീഴുന്നതിൽ നിന്നും രക്ഷിതാക്കൾ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
സി.എസ്.ആർ. ഫണ്ട് ചെലവഴിക്കുന്നതിൽ കിംസ് ഹെൽത്ത് മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.സാമ്പത്തിക ശേഷിയുള്ള സ്ഥാപനങ്ങൾ അവരുടെ ലാഭത്തിൽ നിന്നും പാവപ്പെട്ടവർകും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി സി.ആർ.എസ് ഫണ്ട് ചെലവഴിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു.
തീരദേശ മേഖലയിൽ വിവിധ സ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 113 വിദ്യാർത്ഥികൾക്കാണ് ടാബ്ലറ്റുകൾ വിതരണം നടത്തിയത്. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ കിംസ് ഹെൽത്ത് സി.എസ്.ആർ സ്കീമിൽ നിന്ന് 30 ലക്ഷം രൂപയുടെ എഡ്യൂസ്പോട്ട് വിദ്യാഭ്യാസ പദ്ധതിയും പെരുമാതുറയിൽ നടത്തി വരുന്നുണ്ട്.
മാടൻ വിള എസ്.ഐ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ സ്നേഹതീരം പ്രസിഡൻറ് ഇ എം നജീബ് അധ്യക്ഷത വഹിച്ചു .മുൻ ഡെപ്യൂട്ടി സ്പീക്കർ വി ശശി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ,കിംസ് ഹെൽത്ത് സി.എസ്.ആർ മേധാവി രശ്മി ആയിഷ, പഞ്ചായത്ത് അംഗങ്ങളായ ഷാജഹാൻ, സജീന അമീൻ, ബി. കബീർ, അൻസിൽ അൻസാരി അബ്ദുൽ വാഹിദ്,സ്നേഹതീരം ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, എന്നിവർ പങ്കെടുത്തു.
