പെരുമാതുറ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര വാർഡിൽ കാട്ടുപന്നിയുടെ സാന്നിധ്യം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. വാർഡിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മുളകൃഷി നടത്തുന്ന ഭാഗത്താണ് ആദ്യമായി കാട്ടുപന്നിയെ കണ്ടത്. പിന്നീട് രാത്രി ഏഴുമണിക്ക് ശേഷം വലിയപള്ളി ദറസിന് സമീപമുള്ള റോഡിലൂടെയും പന്നി നടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. ഒന്നിലധികം കാട്ടുപന്നികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
സാധാരണയായി കാട്ടുപന്നികളുടെ ശല്യമില്ലാത്ത തീരദേശ മേഖലയിലും ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന പ്രധാന റോഡിലും പന്നിയെ കണ്ടത് വലിയ ആശങ്കയ്ക്കാണ് കാരണമായിരിക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരമറിയിച്ചതായി വാർഡ് മെമ്പർ മഞ്ജു അജയൻ അറിയിച്ചു. നാളെത്തന്നെ വനംവകുപ്പുമായി ഏകോപിപ്പിച്ച് പന്നിയെ തുരത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
പ്രദേശത്ത് ഒന്നിലധികം പന്നികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ മഞ്ജു അജയൻ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും, യാതൊരു കാരണവശാലും കുട്ടികളെ തനിച്ചോ അല്ലാതെയോ പുറത്തേക്ക് വിടരുതെന്നും മെമ്പർ പ്രത്യേകം ഓർമ്മിപ്പിച്ചു
