പെരുമാതുറ: നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന മുതലപ്പൊഴി ഹാർബറിലെ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള റീമോട്ട് നിയന്ത്രിത ലൈഫ് ബോയ് എത്തുന്നു. മുതലപ്പൊഴിയിൽ ചേർന്ന മത്സ്യത്തൊഴിലാളി സംഘടനാ യോഗത്തിലെ ശക്തമായ ആവശ്യപ്രകാരമാണ് ഈ അടിയന്തിര നടപടി. പികെഎം. കോ കൺസ്ട്രഷൻ കമ്പനി ഉടമ പി എം മുനീറാണ് സ്വന്തം ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പിനായി ഈ റീമോട്ട് നിയന്ത്രിത ലൈഫ് ബോയ് വാങ്ങി നൽകുന്നത്. പുതുതായി വാങ്ങുന്ന ബോയയുടെ ട്രയൽ റൺ ശനിയാഴ്ച മുതലപ്പൊഴിയിൽ നടക്കും.
ജലാടിയന്തിര ഘട്ടങ്ങളിൽ അതിവേഗത്തിലും സുരക്ഷിതമായും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ലൈഫ് ബോയ് ആണിത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് കീഴിൽ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ അത്യാധുനിക ഉപകരണത്തിന് ഭാരത സർക്കാരിൻ്റെ മികച്ച സ്റ്റാർട്ടപ്പ് പുരസ്കാരവും ഇന്ത്യൻ നാവികസേനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.ശക്തമായ തിരമാലകളുള്ള മുതലപ്പൊഴി പോലുള്ള അപകടമേഖലകളിൽപ്പോലും മറിയാതെ സുരക്ഷിതമായി സഞ്ചരിക്കാൻ ഇതിൻ്റെ ട്രിമാരൻ വി-ആകൃതിയിലുള്ള പ്രത്യേക ഘടനയ്ക്ക് സാധിക്കും. അപകടത്തിൽപ്പെടുന്ന ഒരാളുടെ അടുത്തേക്ക് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുതിച്ചെത്താൻ കഴിയുന്ന ഇതിൻ്റെ ത്രസ്റ്ററുകൾ കടൽവെള്ളത്തിൽ കേടുപാടുകൾ വരാത്ത മറൈൻ ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തകർക്ക് കരയിലോ ബോട്ടിലോ ഇരുന്നുകൊണ്ട് ഒരു കിലോമീറ്റർ പരിധി വരെ റീമോട്ട് ഉപയോഗിച്ച് ഇത് കൃത്യമായി നിയന്ത്രിക്കാനാകും. വെറും 2 മണിക്കൂർ കൊണ്ട് 90% വരെ ചാർജ് ചെയ്യാനാകുന്ന ഇതിൻ്റെ ബാറ്ററി സാധാരണ വേഗതയിൽ തുടർച്ചയായി 40 മിനിറ്റ് വരെ പ്രവർത്തനക്ഷമമായിരിക്കും. ബ്ലൂടൂത്ത് സംവിധാനത്തിലൂടെ ഇതിൻ്റെ തകരാറുകൾ കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്.
മുതലപ്പൊഴിയിൽ പലപ്പോഴും ബോട്ടുകൾ മറിയുമ്പോൾ ശക്തമായ തിരമാലകൾ കാരണം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് വേഗത്തിൽ എത്തുവാൻ സാധിക്കാറില്ല. എന്നാൽ ഈ സംവിധാനം എത്തുന്നതോടെ രക്ഷാപ്രവർത്തകർക്ക് അപകട മേഖലയിലേക്ക് നേരിട്ട് ഇറങ്ങാതെ തന്നെ റീമോട്ട് വഴി കൃത്യസമയത്ത് ലൈഫ് ബോയ് എത്തിച്ച് അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി കരയ്ക്കടുപ്പിക്കാൻ സാധിക്കും. പ്രതികൂല സാഹചര്യങ്ങളിലും അതിവേഗം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ ഉപകരണം, മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിർണ്ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

