ചിറയിൻകീഴ്: മതങ്ങൾക്കും മാമൂലുകൾക്കും മേലെ മനുഷ്യ സ്നേഹം വിളംബരം ചെയ്യുന്ന നിമിഷങ്ങൾക്കു പെരുങ്ങുഴി മുസ്ലീം ജമാഅത്ത് അങ്കണം സാക്ഷ്യം വഹിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാ കർമം നിർവഹിച്ച കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നു . ശിവഗിരിയിലേക്കു പുറപ്പെട്ട ശിവഗിരി തീർഥാടന മതമൈത്രി പദ യാത്രക്കു പെരുങ്ങുഴി പള്ളി മുറ്റത്തു ജമാഅത്ത് ഭാരവാഹികളൊരുക്കിയ വരവേൽപ്പാണു മത സാഹോദര്യത്തിന്റേയും മനുഷ്യ സ്നേഹത്തിന്റേയും പ്രതീകമായി മാറിയത്. പീതവസ്ത്രധാരികളായി മനസിൽ ശ്രീനാരായണ മന്ത്രങ്ങളുരുവിട്ടു ഉച്ചവെയിലിന്റെ കടുത്ത ചൂടിനെ അവഗണിച്ചെത്തിയ പദയാത്രികർക്കു ലഘുഭക്ഷണങ്ങളും ശീതള പാനീയങ്ങളും നൽകി. പദയാത്രാ ക്യാപ്ടൻ എസ്. പ്രദീപിനെ ജമാഅത്ത് പ്രസിഡന്റ് എ.ഹാരിദ്, സെക്രട്ടറി .എം.കെ. ബഷീർ എന്നിവർ ചേർന്നു പീത ഷാൾ അണിയിച്ചു ഹസ്തദാനം നടത്തി. ജമാഅത്ത് ജോ.സെക്രട്ടറിമാരായ യു. അഷ്റഫ്, ഇ. അസീസ്, ഭരണ സമിതി അംഗങ്ങളായ എ.എം.ഹുസൈൻ, ഇ മുഹമ്മദ് കുഞ്ഞ്, സമീർ എന്നിവർ പദയാത്രികരെ സ്വീകരിച്ചു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയനെ പ്രതിനിധീകരിച്ചു പ്രദീപ് സഭവിള, സി.കൃത്തിദാസ് , ശ്രീകുമാർ പെരുങ്ങുഴി, അഴൂർബിജു, ഡി. ചിത്രാംഗദൻ , പെരുങ്ങുഴി നാലുമുക്ക് ഗുരുമന്ദിര സമിതി ഭാരവാഹികളായ ബൈജു തോന്നയ്ക്കൽ, എൻ.അജിത്ത്, കെ തുളസി, .എൻ സദാശിവൻ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.രഘുനാഥൻ, ജിജു പെരുങ്ങുഴി, കെ. പുഷ്കരൻ , കുളത്തൂർ കോലത്തുകര ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് ഭാരവാഹികളായ മണപ്പുറം ബി. തുളസീധരൻ , വി. വിശ്വരാജൻ , ജ്യോതി കു ളത്തൂർ എന്നിവരും പെരുങ്ങുഴി ജമാഅത്തൊരുക്കിയ വരവേൽപ്പിൽ പങ്കാളികളായി.
