


പഠനത്തോടൊപ്പം വരുമാനം (Earn While You Learn) എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉൽപാദന കേന്ദ്രങ്ങളാക്കി മാറ്റി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനമാർഗ്ഗം കണ്ടെത്തുവാൻ അസാപിലൂടെ ഗവ. പോളിടെക്നിക്ക് കോളേജുകളിൽ നടപ്പിലാക്കുന്ന പദ്ധതിയായ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് മുഖ്യമന്ത്രി പിണറായി വിജയൻ ആറ്റിങ്ങൽ പോളിടെക്നിക്കിൽ വെച്ച് ഉൽഘാടനം നിർവഹിച്ചു
നിലവിൽ കേരളത്തിൽ 100 പോളിടെക്നിക്കുകൾ സംസ്ഥാനമൊട്ടാകെ ഉണ്ട്. എല്ലാ ജില്ലകളിലുമായി. അവിടെ 24970 സീറ്റുകൾ 25 ബ്രാഞ്ചുകളിലായി ഉണ്ട്. പാഠ്യപദ്ധതിക്കനുസൃതമായി ക്യാമ്പസുകളിൽ വ്യവസായശാലകളുടെ യഥാർത്ഥ മാതൃക സൃഷ്ടിക്കുകയും അതിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനത്തിന് അവസരമൊരുക്കുന്നതിനുമായി കേരളത്തിലെ 41 ഗവ. പോളിടെക്നിക്കുകളിലായി ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഇൻ പോളിടെക്നിക്ക്സ് ആരംഭിക്കുന്നത്. ക്യാമ്പസുകളെ ഭാവിയിൽ മിനി പ്രൊഡക്ഷൻ സെൻ്ററുകളും, മൈക്രോ പ്രൊഡക്ഷൻ യൂണിറ്റുകളും, സ്വതന്ത്ര ഉൽപാദന കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായശാലകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിശീലനവും, ഉത്പാദനവും മികച്ച തൊഴിലവസരങ്ങൾ കൈവരിക്കുവാനും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കും.
വ്യവസായ പ്രതിനിധികൾ, ഗവ.പോളിടെക്നിക്ക് അധ്യാപകർ, അസാപ് എന്നിവരാണ് പ്രധാനമായും ഇൻഡസ്ട്രി ഓൺ ക്യാമ്പസ്സിൻ്റെ ഭാഗമായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഗവേണിംഗ് കൗൺസിലും, പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾമാർ അധ്യക്ഷരായ മാനേജ്മെൻ്റ് കമ്മിറ്റികളുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ആറര കോടിയിൽപ്പരം രൂപയുടെ സി.എൻ.സി വെർട്ടിക്കൽ മില്ലിംഗ് മെഷീൻ, സി.എൻ.സി ലെയ്ത് , ലേസർ കട്ടർ, TIG-MIG വെൽഡിംഗ് സ്റ്റേഷൻ, റോബോട്ടിക്സ് ലാബ് തുടങ്ങിയ ഉയർന്ന നിലവാരത്തിലുള്ള ഉപകരണങ്ങളും, ആധുനിക യന്ത്രങ്ങളും, 6 ഫാബ് ലാബുകളും അസാപ് ഫണ്ടുപയോഗിച്ച് നൽകിയിട്ടുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പദ്ധതി എല്ലാ പോളിടെക്നിക്കുകളിലും പദ്ധതി ആരംഭിക്കാൻ തയാറെടുപ്പുകൾ എടുത്തു കഴിഞ്ഞു .നിലവിൽ പോളിടെക്നിക്കുകളിൽ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രഹികളുടെ പ്രയോജനം ഈ പദ്ധതിക്ക് ലഭിക്കും
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം സാമാജിക ശ്രീമതി ഓ എസ് അംബിക സ്വാഗതം ചെയ്തു. പദ്ധതി അവതരണം അസാപ് കേരളയുടെ ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ : ഉഷ ടൈറ്റസ് നിർവഹിച്ചു.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ :എസ് കുമാരി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റർ ഇൻ ചാർജ് ഡോ ബൈജുഭായ് ടി പി , പോളിടെക്നിക്ക് സീനിയർ ജോയിന്റ് ഡയറക്റ്റർ ശ്രീമതി ബീന പി ,കൗൺസിലർ ശ്രീമതി സുധർമ്മ ,പി ടി എ ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് ഷംനാദ്, ആറ്റിങ്ങൽ പോളിടെക്നിക്ക് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു എന്നിവർ സംസാരിച്ചു.
