”ജീവിതമെന്റെ ലഹരി” എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ കല്ലിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ മേഖലാതല ഉദ്ഘാടനം കാക്കാമൂല കായല്‍ക്കരയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ എക്സെെസ് പ്രിവന്റീവ് ഓഫീസര്‍ ദിലീപ്കുമാര്, സി.പി.ഐ.(എം) ലോക്കല്‍ സെക്രട്ടറി എസ് ആര് ശ്രീരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം യു മനുക്കുട്ടന്, മേഖലാ സെക്രട്ടറി ആനന്ദ് ഷിനു തുടങ്ങിയവര്‍ സംസാരിച്ചു.

വിജിത്ത് അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഒപ്പ് മരത്തില്‍ ലഹരിക്കെതിരെ അണിനിരന്നവര്‍ ഒപ്പ് രേഖപ്പെടുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ മേഖലാ സെക്രട്ടറി ആനന്ദ് ഷിനു ചൊല്ലി. തുടര്‍ന്ന് നാടന്‍പാട്ട്, ഫ്ലൂട്ട് ഫ്യൂഷന്‍, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ നടന്നു. വരുന്ന ദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്റെ ഭാഗമായി സെമിനാറുകള്‍, ബോധവത്കരണ ക്യാമ്പുകള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് മേഖലാ സെക്രട്ടറി ആനന്ദ് ഷിനു അറിയിച്ചു.
എക്സെെസ് വകുപ്പിന്റെ വിമുക്തിയും ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് കഞ്ചാവ് മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് DYFI ഈ ക്യാമ്പയിനുമായി മുന്നോട്ട് വന്നിട്ടുള്ളത്.
