ടുണീഷ്യൻ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്നും കാണാതായ ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രൻ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതായി ടുണീഷ്യയിലെ ഇന്ത്യൻ എംബസി അടൂർ പ്രകാശ് എം.പിയെ അറിയിച്ചു.
മുംബൈയിലെ ‘സിനാസ്റ്റ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അർജുൻ. കഴിഞ്ഞ മാർച്ച് 17 ന് തുർക്കിയിൽ നിന്നുമാണ് അർജുൻ കപ്പലിൽ ജോലിക്ക് കയറിയത്. ഏപ്രിൽ 27ന് ടുണീഷ്യൻ സമുദ്രാതിർത്തിയിൽ വച്ച് അർജുനെ കപ്പലിൽ നിന്നും കാണാതായതായി കമ്പനി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു.അന്നു തന്നെ അടൂർ പ്രകാശ് എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകുകയും തുടർന്ന് ടുണീഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു വരികയുമായിരുന്നു.
ടുണീഷ്യൻ തീരത്തു കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിന് ഡി. എൻ. എ സാമ്പിൾ ടുണീഷ്യയിലേക്ക് അയച്ചിരുന്നു. മൃതദേഹം അർജുന്റേത് തന്നെയെന്ന് ഇന്നലെ സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം. പി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ഇന്ത്യൻ എംബസിയോടും ആവശ്യപെട്ടിട്ടുണ്ട്.
